കൊച്ചി: രാഷ്ട്രീയ ശക്തിയായി മാറാനൊരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ചെറുകിട വ്യാപാരി വ്യവസായികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്നതും രാജ്യത്തെ ഏറ്റവും വലുതും കേഡര്‍ സ്വഭാവമുള്ളതുമായ കൂട്ടായ്മയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാല്‍ വോട്ടിനും നോട്ടിനും വേണ്ടി മാത്രം വ്യാപാരികളോട് സ്‌നേഹം നടിക്കുകയും മറുവശത്ത് വേട്ടക്കാരോടൊപ്പം വ്യാപാരികളെ സംഹരിക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാതെ കേരളത്തിലെ വ്യാപാര സമൂഹത്തിന് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് രാജു അപ്‌സരയുടെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ കെ.വി അബ്ദുള്‍ ഹമീദ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. പ്രമേയം ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ഏകകണ്‌ഠേന പാസാക്കി.
വ്യാപാര സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായ ബാധിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം, കുത്തകകളുടെ കടന്നുകയറ്റം, വഴിയോര വാണിഭം, തദ്ദേശസ്ഥാപനങ്ങളിലെ ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം വ്യാപാരികളെ ആത്മഹത്യയിലെക്ക് തള്ളി വിടുന്നു. ആംനെസ്റ്റി പദ്ധതി നടപ്പിലാകുമ്പോഴേയ്ക്കും കേരളത്തിലെ വ്യാപാരികളും അവരുടെ സ്ഥാപനങ്ങളും നാമാവശേഷമായിക്കഴിഞ്ഞിരിക്കും. ഇതിനെ അതിജീവിക്കണമെങ്കില്‍ വ്യാപാരികള്‍ തന്നെ സ്വയം രംഗത്തിറങ്ങാതെ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ ശക്തിയായി മാറാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതെന്ന് ഏകോപന സമിതി സംസ്ഥാന വക്താവും വൈസ് പ്രസിഡന്റുമായ പി.സി ജേക്കബ്ബ് പറഞ്ഞു.
കേരളത്തിലെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 86 നഗരസഭകളിലും അഞ്ച് കോര്‍പ്പറേഷനുകളിലുപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് സജീവ സംഘടനാ സംവിധാനവും ലക്ഷകണക്കിന് അംഗങ്ങളും കുടുംബാഗങ്ങളും ജീവനക്കാരുമടക്കം വലിയ വോട്ടുബാങ്കുണ്ട്. മുന്നണികളുടെ കപട സ്‌നേഹത്തില്‍ വിശ്വസിച്ച് ഇനി മുന്നോട്ടു പോകാന്‍ വ്യാപാരികള്‍ തയ്യാറല്ല. വ്യാപാരികളുടെ പ്രശ്‌നം നിയമസഭയില്‍ എത്തണമെങ്കില്‍ വ്യാപാരികളുടെ പ്രതിനിധികളും സഭയിലുണ്ടാകണം. ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക മമതയോ വിരോധമോ ഇല്ല.
വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയ്യാറാകുന്നവരുമായി ചര്‍ച്ച നടത്തി വ്യാപാരി പ്രതിനിധികളെ നിയമസഭയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലം കമ്മിറ്റികളും പുനക്രമീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ നിയോജകമണ്ഡലം കമ്മിറ്റികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കര്‍ഷകര്‍ അടക്കമുള്ള സമാന ചിന്താഗതിക്കാരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും പി സി ജേക്കബ്ബ് പറഞ്ഞു.