കേരളത്തിന്റെ ലക്ഷ്യം വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ്: മന്ത്രി പി രാജീവ്

കൊച്ചി: അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്ന വികസന മേഖല ആഗോള വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് നിക്ഷേപം നടത്താന്‍ മികച്ച അവസരമൊരുക്കുന്നതായി കൊച്ചിയില്‍ നടന്ന സല്യൂട്ട് കേരള പരിപാടിയില്‍ മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷിക സംസ്‌കരണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ കേരളത്തിന്റെ ഭാവി പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ വിശദമായ അവതരണം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തി.ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്‌കാരം ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനു മന്ത്രി സമ്മാനിച്ചു. ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ഗോകുലം ഗോപാലന്‍, ഗോകുലം ഗ്രൂപ്പ്, വി കെ മാത്യൂസ്, ഐബിഎസ് സോഫ്‌റ്റ്വെയര്‍, ഡോ. കെ വി ടോളിന്‍ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ്, കെ.മുരളീധരന്‍, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്, വി കെ റസാഖ്, വികെസി ഗ്രൂപ്പ്, ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പി കെ മായന്‍ മുഹമ്മദ്, വെസ്‌റ്റേണ്‍ പ്ലൈവുഡ്‌സ് ലിമിറ്റഡ്, ഡോ. എ വി അനൂപ്, എ വി എ മെഡിമിക്‌സ് ഗ്രൂപ്പ് എന്നിവര്‍ക്ക് ഇന്‍മെക്ക് എക്‌സലന്‍സ് സല്യൂട്ട് പുരസ്‌കാരവും നല്‍കി.ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Spread the love