ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് നാളെ അങ്കമാലിയില്‍ തുടക്കം

കൊച്ചി: കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണേഴ്‌സ് ആന്റ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ക്രീപ) ഗ്രീന്‍ പവര്‍ എക്‌സോപയുടെ ഏഴാമത്പതിപ്പ് നാളെ മുതല്‍ നവംബര്‍ 30 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എക്‌സിബിഷന്‍ ചെയര്‍മാന്‍ ജോസ് കല്ലൂക്കാരന്‍ സി, ക്രീപാ പ്രസിഡന്റ് ജി. ശിവരാമകൃഷ്ണന്‍, സെക്രട്ടറി എന്‍. മുഹമ്മദ് ഷെഫീഖ്, ട്രഷറര്‍ ടി. എന്‍ തുളസീദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.നാളെ രാവിലെ 10 ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എന്‍.ഐ.എസ്. സി ഡയറക്ടര്‍ ഡോ, മുഹമ്മദ് റിഹാന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി പ്രല്‍ഹാദ് വി.ജോഷി ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രി സൂര്യ ഘര്‍ യോജന സെമിനാര്‍ നടക്കും. ഈ സ്‌കീമിനു കീഴില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡിയെക്കുറിച്ച് അറിയുക. വൈദ്യുതി ബില്ലുകള്‍ എങ്ങനെ ലാഭിക്കാം, കെഎസ്ഇബിക്ക് അധിക വൈദ്യുതി വിറ്റ് എങ്ങനെ പണം സമ്പാദിക്കാം എന്നിവ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്യുക. പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന പദ്ധതി പ്രകാരം സബ്‌സിഡിയോടുകൂടി മേല്‍ക്കൂര സോളാര്‍ സ്ഥാപിച്ചിട്ടുള്ള ഗുണഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരു വനിതയ്ക്കും ഒരു പുരുഷനും 2025 ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാനും അവസരം ഉണ്ട്. കൂടാതെ ഊര്‍ജ്ജ സംഭരണവും ഗ്രീന്‍ ഹൈഡ്രജനും, വൈദ്യുത വാഹന മേഖലയിലെ രൂപാന്തര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും ത്രിദിന എക്‌സ്‌പോയില്‍ നടക്കും. 30 ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ശ്രീപദ് യെസോ നായിക്ക് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയൊട്ടാകെയുള്ള പുനരുല്‍പാദന ഊര്‍ജ്ജ ഇന്നോവേറ്റര്‍മാരുടെയും, നേതാക്കളുടെയും, ആസ്വാദകരുടെയും കേരളത്തിലെ ഏറ്റവും വലിയ സംഗമമാണ് പ്രദര്‍ശനം.സോളാര്‍, കാറ്റില്‍ നിന്നുമുള്ള ഊര്‍ജ്ജം, ബയോ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ഏറ്റവും പുതിയ പരിഹാരങ്ങള്‍ അവതരിപ്പിക്കുന്ന 250ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. പുനരുപയോഗ ഊര്‍ജ മേഖലയില്‍ 30 ലധികമുള്ള പ്രമുഖ കമ്പനികളിലായി 250ലധികം സജീവ തൊഴിലവസരങ്ങള്‍. എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, മാര്‍ക്കറ്റേഴ്‌സ് എന്നിവര്‍ക്ക് അവരുടെ കരിയര്‍ കിക്ക്സ്റ്റാര്‍ട്ട് ചെയ്യാനോ, ഉയര്‍ത്തിയെടുക്കാനോ ഉള്ള അവസരങ്ങള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. പ്രൊഫഷണലുകള്‍, പ്രൊഫഷണലുകള്‍ അല്ലാത്തവര്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി യുവ ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമും പ്രദര്‍ശനത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. 30 ന് രാവിലെ 10.30 ന് മന്ത്രി പി രാജീവ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.പുനരുപയോഗ ഊര്‍ജ്ജത്തില്‍ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിജയിക്ക് 40,000 രൂപ സമ്മാനമായി ലഭിക്കും. ഇത് കൂടാതെ പ്രതിദിനം ലക്കി ഡ്രോ മല്‍സരങ്ങള്‍, ത്രിദിന ബമ്പര്‍ സമ്മാനം എന്നിവയും ഉണ്ട് ഇവന്റിന്റെ അവസാനം, ഒരു ഭാഗ്യശാലിക് ബമ്പര്‍ സമ്മാനം നേടാം

Spread the love