ദേശീയ നൃത്തോത്സവം ഭാവ് ‘2024 ന് ഇന്ന് തുടക്കം

കൊച്ചി: കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ്’2024 ന് ഇന്ന് (നവംബര്‍ 29)
തിരശ്ശീല ഉയരും. 2024 ഡിസംബര്‍ 03 വരെ എറണാകുളം ടൗണ്‍ ഹാളിലാണ് ദേശീയ നൃത്തോത്സവം നടക്കുന്നത്.
നൃത്തോല്‍സവത്തിന് തിരശ്ശീല ഉയര്‍ത്തിക്കൊണ്ട് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ വൈകിട്ട് അഞ്ചു മുതല്‍ 6.30 വരെ നടക്കും. ദഫുമുട്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഇശല്‍ നൃത്തം, അറേബ്യന്‍ ഡാന്‍സ് എന്നിവയാണ് ഇശല്‍ സന്ധ്യയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 6.30 ന് മന്ത്രി ഡോ. ആര്‍. ബിന്ദു നൃത്തോല്‍സവം ഉദ്ഘ്ടനം ചെയ്യും. മേയര്‍ അഡ്വ എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.ടി ജെ വിനോദ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സിനിമാതാരം ആശാ ശരത് അവതരിപ്പിക്കുന്ന ഭരതനാട്യം വൈകിട്ട് 7:15 മുതല്‍ വൈകിട്ട് 8:45 വരെ നടക്കും.

നൃത്തോത്സവത്തിന്റെ രണ്ടാം ദിനം വൈകിട്ട് 5:45 മുതല്‍ വൈകിട്ട് 6:45 വരെ നര്‍ത്തകി പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുടി, വൈകിട്ട് 7:15 മുതല്‍ വൈകിട്ട് 8:45 വരെ പ്രശസ്ത നര്‍ത്തകി രമാ വൈദ്യനാഥനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ നടക്കും.ദേശീയ നൃത്തത്തിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാര്‍ നയിക്കുന്ന നൃത്ത ശില്‍പശാലകളും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.

രണ്ടാം ദിനം പ്രശസ്ത നര്‍ത്തകി ശ്രീമതി രമാ വൈദ്യനാഥന്‍ നയിക്കുന്ന നൃത്ത ശില്പശാല ഉച്ചയ്ക്ക് 2:00 മണി മുതല്‍ വൈകിട്ട് 3:30 വരെ നടക്കും. തുടര്‍ന്ന് മൂന്നാം ദിനം രാവിലെ 10:00 മണി മുതല്‍ ഉച്ചക്ക് 12:30 വരെ നട്ടുവനാര്‍ കെ.എസ് ബാലകൃഷ്ണന്‍ നയിക്കുന്ന നൃത്ത ശില്പശാല, നാലാം ദിനം രാവിലെ 10:00 മണി മുതല്‍ ഉച്ചക്ക് 12:30 വരെ നര്‍ത്തകരായ ഷിജിത്തും പാര്‍വതിയും നയിക്കുന്ന നൃത്ത ശില്പശാല, അഞ്ചാം ദിനം രാവിലെ 10:00 മണി മുതല്‍ ഉച്ചക്ക് 12:30 വരെ നര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നയിക്കുന്ന നൃത്ത ശില്പശാല എന്നിവ ഉണ്ടായിരിക്കും.നൃത്തോത്സവത്തിന്റെയും നൃത്ത ശില്പശാലകളുടെയും എന്‍ട്രികള്‍ സൗജന്യമായിരിക്കും. പരിപാടിയുടെ നോട്ടീസ് കൂടെ ചേര്‍ക്കുന്നു. ദേശീയ നൃത്തോത്സവം ഭാവ് 2024 ന് എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Spread the love