കൊച്ചി: നാഷണല്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ ഔറംഗബാദില്‍ നടന്ന നാഷണല്‍ ഐ.എം.എ ഡോക്ടേഴ്‌സ് സ്‌പോര്‍ടസ് മീറ്റില്‍ രണ്ടു വെള്ളിമെഡലുകള്‍ സ്വന്തമാക്കി കേരളത്തിനു വേണ്ടി മല്‍സരിച്ച ഐ.എം.എ കൊച്ചിയുടെ ഡോ.ആല്‍വിന്‍ ആന്റണി. 36 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നടന്ന നൂറു മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ കമ്മ്യുണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആല്‍വിന്‍ ആന്റണി വെള്ളിമെഡലുകള്‍ നേടി മിന്നും താരമായി മാറിയത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.എം.എകളെ പ്രതിനിധീകരിച്ച് 500 ലധികം ഡോക്ടര്‍മാരാണ് ഐ.എം.എ ഡോക്ടേഴ്‌സ് സ്‌പോര്‍ടസ് ഒളിംമ്പ്യാര്‍ഡില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ നടന്ന ഒളിംമ്പ്യാര്‍ഡിലും ഡോ. ആല്‍വിന്‍ ആന്റണി ഇതേ ഇനങ്ങളില്‍ ജേതാവായിരുന്നു. ഡോ.അശ്വതി വര്‍ഗ്ഗീസ് ആണ് ഡോ.ആല്‍വിന്‍ ആന്റണിയുടെ ഭാര്യ. ആഷ്‌ലിന്‍, അബ്രാം എന്നിവരാണ് മക്കള്‍.