ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്ക് നിരന്തര പരിശീലനവും തുടര്‍വിദ്യാഭ്യാസവും അനിവാര്യം
കൊച്ചി: മലദ്വാര സംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയാവിദഗ്ദ്ധരെയോ മെഡിക്കല്‍ ഡോക്ടര്‍മാരെയോ സമീപിക്കുന്നതില്‍ മലയാളികള്‍ വിമുഖത പ്രകടിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഈ രംഗത്ത് ഇതരസംസ്ഥാന വ്യാജവൈദ്യന്മാരുടെ എണ്ണം പെരുകുകയാണെന്നും തെറ്റായ ചികിത്സാരീതികളിലേക്ക് മലയാളികള്‍ കൂടുതല്‍ പോകുന്നുവെന്നും പ്രമുഖ കീഹോള്‍ സര്‍ജനും വേള്‍ഡ്‌കോണ്‍ രക്ഷാധികാരിയുമായ ഡോ. പദ്മകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ദ്ധന്മാരുടെ അന്തര്‍ദേശിയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈല്‍സ് പോലുള്ള രോഗങ്ങള്‍ ചിലപ്പോള്‍ കുടല്‍ പഴുപ്പ്, ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണങ്ങളാകാം. ഈ സാഹചര്യത്തില്‍ വിശദ പരിശോധന നടത്താതെയുള്ള ചികിത്സ രോഗിയെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലദ്വാര സംബന്ധമായ രോഗമുള്ളവര്‍ നിര്‍ബന്ധമായും കുടല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്. വിശദമായ പരിശോധന ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യ സമയത്ത് ഉചിതമായ ചികിത്സ ഉറപ്പു വരുത്തുവാനും സഹായിക്കും. സാധാരണയായി സര്‍ജന്മാര്‍ പൈല്‍സ്, ഫിഷര്‍ എന്നിവയുടെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് രോഗികള്‍ വിദഗ്ദ്ധ ചികിത്സയില്‍ നിന്ന് അകലാന്‍ പ്രധാന കാരണം. കൂടാതെ, വേദനാഭയവും അമിത ചികിത്സാച്ചെലവും രോഗികള്‍ പിന്തിരിയാനുള്ള ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്ക് നിരന്തരമായ തുടര്‍വിദ്യാഭ്യാസ പരിപാടികളും നൂതന ശസ്ത്രക്രിയാ പരിശീലന പരിപാടികളും അനിവാര്യമാണെന്നും മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. തുടര്‍ വിദ്യാഭ്യാസത്തിലൂടെ അത്യാധുനിക ചികിത്സാ മാര്‍ഗങ്ങളില്‍ പ്രാവീണ്യം നേടിയാല്‍ രോഗികള്‍ക്ക് വേദന കുറഞ്ഞതും വേഗത്തില്‍ സുഖം പ്രാപിക്കുന്നതുമായി ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. ഇത്തരം കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് വേള്‍ഡ്‌കോണ്‍ പോലുള്ള സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് ഡോ. പദ്മകുമാര്‍ പറയുന്നു.
‘ സ്‌റ്റേപ്ലര്‍, ലേസര്‍ തുടങ്ങിയ നൂതന ചികിത്സാ മാര്‍ഗങ്ങള്‍ ഒരു ദിവസം കൊണ്ട് ശാശ്വത പരിഹാരം നല്‍കുന്നതും തീരെ വേദന കുറഞ്ഞതുമാണ്. ഇതിനെ ഭയപ്പെടേണ്ടതില്ല. മികച്ച ചികിത്സയ്ക്ക് വേണ്ടിവരുന്ന ചെലവ് ഒഴിവാക്കുവാന്‍ ഇന്‍ഷ്വറന്‍സ് കവറേജ് പ്രയോജപ്പെടുത്തുകയാണ് രോഗികള്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ മേഖലയിലും അത്യാധുനിക ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമാണ്. ചെലവ് കുറയ്ക്കാന്‍ തെറ്റായ രീതികളിലേക്ക് പോകുന്നതിന് പകരം കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന അത്യാധുനിക ചികിത്സാ മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും ഡോ.പദ്മകുമാര്‍ പറഞ്ഞു.
രോഗികള്‍ക്ക് ഏറ്റവും സുഖപ്രദവും ഗുണകരവുമാകുന്ന അത്യാധുനിക ചികിത്സാ മാര്‍ഗങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. നൂതന ചികിത്സയില്‍ പ്രാവീണ്യം നേടിയവരുടെ ആവശ്യകത ഏറെയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പൈല്‍സ്, ഫിസ്റ്റുല,ഫിഷര്‍ രോഗങ്ങളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങളാണ് രോഗശതമാനം ഉയരാനുള്ള പ്രധാനകാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തില്‍ എരിവും മസാലയും അമിതമായി ഉപയോഗിക്കുന്നതും മദ്യപാന ശീലവും അമിതമായ സമ്മര്‍ദ്ദവുമാണ് ഇത്തരം രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. കൂടാതെ, സസ്യാഹാരത്തിന്റെ അളവ് കുറഞ്ഞതും പെപ്‌സി, കോള പോലുള്ള പാനിയങ്ങളുടെ ഉപയോഗം കൂടിയതും വസ്ത്രധാരണത്തിലെ മാറ്റങ്ങളും രോഗം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുടല്‍ ക്യാന്‍സറിനെ അപേക്ഷിച്ച് പൈല്‍സ് പോലുള്ള മലദ്വാര രോഗങ്ങളാണ് കൂടുതലായി വര്‍ദ്ധിച്ചിട്ടുള്ളത്. ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതും വെള്ളം കൂടുതല്‍ കുടിക്കുന്നതും മദ്യപാന ശീലം ഒഴിവാക്കുന്നതും രോഗം വരാതിരിക്കാന്‍ ഒരുപരിധിവരെ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.