മെഡല്‍ കൊയ്ത്ത് തുടങ്ങി ജ്യോതിക

കൊച്ചി: സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവുമായി പാലക്കാട് പറളി പി എച്ച് എസ് എസിലെ ജ്യോതിക മെഡല്‍ കൊയ്ത്ത് തുടങ്ങി. 56.81 സെക്കന്‍ഡിലാണ് ജ്യോതിക ഓട്ടം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത ചാമ്പ്യനായ ജ്യോതിക ഇക്കുറിയിനി 400 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍, 4X400 റിലെ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇതേ മത്സരങ്ങളില്‍ തന്നെയാണ് കഴിഞ്ഞ മേളയിലും ജ്യോതിക സ്വര്‍ണം നേടിയത്.

ആറു വര്‍ഷമായുള്ള ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജ്യോതിക പറഞ്ഞു. കല്ലേക്കാട് സ്വദേശി ജി. മണികണ്ഠന്റെയും പി.ആര്‍. സജിതയുടെയും മകളാണ് ഈ മിടുക്കി. പറളി സ്‌കൂളിലെ അധ്യാപകനായ പി.ജി. മനോജിന് കീഴിലാണ് ജ്യോതികയുടെ പരിശീലനം. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനായി മൂന്നു സ്വര്‍ണവും, കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും ജ്യോതിക നേടിയിട്ടുണ്ട്. മലപ്പുറം ഐഡിയല്‍ എച്ച് എസ് എസ് കടകശ്ശേരിയിലെ നിവേദ്യ ജെ എസ് മത്സരത്തില്‍ രണ്ടാമതെത്തി (58.12). ഇടുക്കിയുടെ ജോബിന ജോബിക്കാണ് വെങ്കലം (59.43). ജി ടി എച്ച് എസ് കട്ടപ്പനയിലെ വിദ്യാര്‍ത്ഥിയാണ് ജോബിന.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു