‘സുകൃതം’ മാഞ്ഞു

mt vasudevannair

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു.

 

കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഇനി കാലം മായ്ക്കാത്ത ഓര്‍മ്മ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീടായ സിത്താരയില്‍ വൈകിട്ട് നാലു മണിവരെ എംടിക്ക് അന്തിമോപചാരം അര്‍പ്പിക്കാം. എം.ടിയുടെ ആഗ്രഹ പ്രകാരമാണ് പൊതുദര്‍ശനം ഇല്ലാത്തത്. തുടര്‍ന്ന് അഞ്ചിന് ഒദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എം.ടിയുടെ മൃതദേഹം സംസ്‌ക്കരിക്കും. എം.ടിയുടെ ആഗ്രഹപ്രകാരമാണ് പൊതുദര്‍ശനം ഒഴിവാക്കിയിരിക്കുന്നത്.

1933 ല്‍ പാലക്കാട് കൂടല്ലൂരില്‍ ടി നാരായണന്‍നായരുടെയും അമ്മാളുവമ്മയുടെയും ഇളയമകനായിട്ടായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായരുടെ ജനനം. അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം.ടി പിന്നീട് മലയാള സാഹിത്യത്തിലും ചലച്ചിത്രമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ചന്‍ പുരസ്‌ക്കാരം, ജെ.സി ഡാനിയേല്‍ പുരസ്‌ക്കാം, കേരള ജ്യോതി പുരസ്‌ക്കാരം, കേരള നിയമസഭാ പുരസ്‌ക്കാരം അടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ സാഹിത്യലോകത്തേയ്ക്ക് പ്രവേശിച്ച എം.ടിയുടെ രചനകള്‍ ജയ കേരളം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുമ്പോള്‍ രക്തം പുരണ്ട മണ്‍തരികള്‍ എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങി. ലോകചെറുകഥാ മല്‍സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ മല്‍സരത്തില്‍ എംടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതോടെ മലയാള സാഹിത്യലോകത്ത് എം.ടിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.

പാതിരാവും പകല്‍വെളിച്ചവും ആയിരുന്നു ആദ്യ നോവല്‍. നാലുകെട്ടാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവല്‍. ഇതിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു. സ്വര്‍ഗ്ഗം തുറക്കുന്ന സമയം, ഗോപുര നടയില്‍ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1963-64 കാലഘട്ടത്തില്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി എം.ടി ചലച്ചിത്രലോകത്തേയ്ക്ക് പ്രവശിച്ചു.

1973 ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.അമ്പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് നാലു തവണ ദേശീയ പുരസ്‌ക്കാരവും എം.ടിയെ തേടിയെത്തി.നാലുകെട്ട്, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന്, അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരണാസി എന്നിവയാണ് പ്രധാന നോവലുകള്‍ ഇരുട്ടന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം ,ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം,വാനപ്രസ്ഥം, അടക്കം നിരവധി കഥകളും എംടി രചിച്ചിട്ടുണ്ട്. 30 ലധികം തിരക്കഥകളും എഴുതിയിട്ടുണ്ട്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions