കലൂര്‍ സ്‌റ്റേഡിയത്തിലെ
ഗ്യാലറിയില്‍ നിന്നും വീണ്
ഉമാതോമസ് എംഎല്‍എയ്ക്ക്
ഗുരുതര പരിക്ക്

uma thomas injured kaloor stadium

തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍  വെന്റിലേറ്ററിലേക്ക് മാറ്റി

 

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ ഉമാ തോമസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഉമാ തോമസ്.ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

സിടി സ്‌കാനില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് വ്യക്തമായിട്ടുള്ളത്. സെര്‍വിക്കല്‍ സ്‌പൈനിലും പരിക്കുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചുണ്ട്.ഇതേ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ഇതിനു ശേഷം മാത്രമെ ആരോഗ്യനിലയിലെ പുരോഗതി സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഉമാ തോമസിന്റെ ചികില്‍സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ കൂടി സര്‍ക്കാര്‍ നിയോഗിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്.

കലൂര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കനായിട്ടായിരുന്നു ഉമാ തോമസ് എത്തിയത്. സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും 20 അടിയോളം താഴ്ചയിലേക്കാണ് ഉമാ തോമസ് വീണത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ഉമാ തോമസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions