ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്ടീവ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
നിലവിലെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും കൃത്യമായ നിരീക്ഷണവും ചികില്‍സയും വേണ്ടി വന്നേക്കാം. വെന്റിലേറ്ററില്‍ നിന്നും ഉമാ തോമസിനെ മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തി ഉമാ തോമസിനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി.
കലൂര്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സമയത്താണ് സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും 15 അടിയോളം താഴ്ചയിലേക്ക് ഉമാ തോമസ് വീണത്. കോണ്‍ക്രീറ്റില്‍ തലയടിച്ചു വീണ ഉമാ തോമസിനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.