രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്.
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങി. മന്ത്രി ജി ആര് അനില്‍, എംഎല്‍എ മാരായ ആന്റണി രാജു, ജി സ്റ്റീഫന്‍, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയര്‍ ആര്യ രാജേന്ദ്രന്, ഡെപ്യുട്ടി മേയര്‍ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പി എം ജി ജങ്ഷനില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമായി ആയിരത്തോളം പേര് ഘോഷയാത്രയില്‍ പങ്കെടുത്തു.
.രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.
പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍.ജനുവരി 8 ന് വൈകിട്ട് 5 ന് സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും.