സ്‌കൂള്‍ കലോത്സവം
ഹൈടെക്കാക്കി ‘കൈറ്റ് ‘

www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി

 

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി.

കലോത്സവം പോര്‍ട്ടല്‍

www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍ ലോവര്‍ – ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആര്‍.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കര്‍ വഴി ലഭ്യമാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

‘ഉത്സവം’ മൊബൈല്‍ ആപ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE Ulsavam’ എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും ‘ഉല്‍സവം’ ആപ്പിലുണ്ട്.

രചനാ മത്സരങ്ങള്‍ ‘സ്‌കൂള്‍ വിക്കി’യില്‍

കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2016 കലോത്സവം മുതലുള്ള കലോത്സവ രചനകളും സ്‌കൂള്‍ വിക്കിയില്‍ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂള്‍ വിക്കിയില്‍ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെകൂടെ സഹായത്താല്‍ ലഭ്യമാക്കും.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions