കാല്‍ നൂറ്റാണ്ടിനു ശേഷമാണ് എഒഐ ദേശീയ സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകുന്നത്. ‘എഒഐകോണ്‍ 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന് വൈകിട്ട് 5.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും
കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 ‘(AOICON2025) ജനുവരി ഒമ്പത് മുതല്‍ 12 വരെ ലെമെറിഡിയന്‍ ഹോട്ടലില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, വൈസ് ചെയര്‍മാന്‍ ഡോ. വി.മുഹമ്മദ് നൗഷാദ്, സെക്രട്ടറി ഡോ. പ്രവീണ്‍ ഗോപിനാഥ്, ട്രഷറര്‍ ഡോ. കെ.ജി സജു, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് എഒഐ ദേശീയ സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകുന്നത്. ‘എഒഐകോണ്‍ 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനം 10ന് വൈകിട്ട് 5.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം മുഖ്യ അതിഥിയായിരിക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നാലായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഗള്‍ഫ്, ആഫ്രിക്ക, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും. അമേരിക്ക, യു.കെ, ജര്‍മ്മനി, ഓസ്‌ട്രേലിയ,റക്ഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 12 ഓളം വിദഗ്ദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഇന്ത്യയില്‍ നിന്നുള്ള 250 ലധികം വിദഗ്ദര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 700 ഓളം പ്രബന്ധങ്ങളായിരിക്കും സമ്മേളനത്തില്‍ അവതരിപ്പിക്കുക. ഇതില്‍ പി ജി വിദ്യാര്‍ഥികളുടെ പ്രബന്ധം, വീഡിയോ അവതരണങ്ങള്‍ ഉണ്ടാകും.
ലെമെറിഡിയനിലെ 11 ഹാളുകളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇഎന്‍ടി ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള ശില്‍പ്പശാലകള്‍, പരിശീലനം, പ്രഭാഷണങ്ങള്‍, ഇ.എന്‍.ടി ചികില്‍സാ മേഖലയില്‍ രാജ്യത്തും അന്താരാഷ്ട്രതലത്തിലും കൈവരിച്ചിട്ടുള്ള പുരോഗതികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, പാനല്‍ ചര്‍ച്ചകള്‍, പിജി സ്റ്റുന്‍ഡന്‍സ് പേപ്പര്‍ പ്രസന്റേഷന്‍, ഇ.എന്‍.ടി ,റൈനോളജി ക്വിസ് ഫൈനല്‍ മല്‍സരങ്ങള്‍, വീഡിയോ അവാര്‍ഡ് സെക്ഷനുകള്‍ എന്നിവ നടക്കും.
സമ്മേളനം പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമായി സമ്മേളനം പൂര്‍ണ്ണമായും പേപ്പര്‍ രഹിതമാണ്. ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ കാര്‍ ഓണര്‍ ആന്റ് കാര്‍ട്ട് ഓണര്‍ (കൊകൊ) ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഗതാഗതം, വാഹന പാര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സമ്മേളന പ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും യാതൊരുബുദ്ധിമുട്ടും നേരിടാതിരിക്കാനുള്ള സംവിധാനങ്ങളാണ് ആപ്പില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എറണാകുളത്തെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിലാണ് സമ്മേളന പ്രതിനിധികള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. സമ്മേളന ദിവസങ്ങളില്‍ പ്രതിനിധികള്‍ക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മരട് നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗിന് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ റെയിലിന്റെ ഇഓട്ടോ സംവിധാനം വഴിയിയാരിക്കും പ്രതിനിധികളെ സമ്മേളന വേദിയില്‍ എത്തിക്കുക.
എറണാകുളത്തെ വിവിധ പ്രൊഫഷണല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സമ്മേളനത്തിന് വോളന്റിയര്‍മാരാകുന്നത്.ഇവര്‍ക്കും സമ്മേളനം ഒരു മികച്ച അനുഭവമാണ് സമ്മാനിക്കുക.നാലായിരത്തിലധികം ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും കൊച്ചിയില്‍ എത്തുന്നതിലൂടെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജനം ലഭിക്കുമെന്നും രണ്ട് വര്‍ഷത്തെ മുന്നൊരുക്കമാണ് സമ്മേളനത്തിനായി നടത്തിയതെന്നും സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.