നവജാത ശിശുക്കളില്‍ കേള്‍വി പരിശോധന നടത്തണം: എഒഐകോണ്‍2025

aoicon 2025 Ent doctors speech
Dr. Richard Harvey from Australia addressing the first-day session of AOCON 2025, the national conference of the Association of Otolaryngologists of India (AOI).

മൂന്നുമാസം കഴിഞ്ഞിട്ടും പരിശോധനയില്‍ റഫര്‍ എന്ന ഫലമാണ് വരുന്നതെങ്കില്‍ തുടര്‍ന്ന് ബേറാ പരിശോധന നടത്തി കേള്‍വി തകരാര്‍ സ്ഥിരീകരിച്ചാല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന നൂതനമായ ശസ്ത്രക്രിയ വഴി ഇത്തരം കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടും.

കൊച്ചി: എല്ലാ നവജാത ശിശുക്കളെയും അവര്‍ ജനിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പു തന്നെ നിര്‍ബന്ധമായും കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ല്‍ ആദ്യ ദിവസം നടന്ന പ്രഭാഷണങ്ങളില്‍ പങ്കെടുത്ത ഇഎന്‍ടി വിദഗ്ദര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ കേള്‍വിക്കുറവ് കണ്ടെത്താന്‍ കഴിയുന്ന സംവിധാനം ഇന്ന് നിലവിലുണ്ട്. കുട്ടി ജനിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആകുന്നതിനു മുമ്പു തന്നെ എല്ലാ നവജാത ശിശുക്കളിലും കേള്‍വി പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം.

aoicon 2025 Ent doctors speech


ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ) യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍2025 ല്‍ ഗവേഷണത്തിന്ഏര്‍പ്പെടുത്തിയ ആര്‍ എ എസ് കൂപ്പര്‍ റിസര്‍ച്ച് അവാര്‍ഡ് നേടിയ ഡോ.ആര്യശ്രീ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നു

ഒ.എ.ഇ പരിശോധനയാണ് ഇതിനായി ഉപയോഗിക്കുന്നത് . രണ്ടു തരത്തിലുള്ള പരിശോധനഫലമാണ് വരാന്‍ സാധ്യത. ഒന്നു നല്ല കേള്‍വി ശക്തിയുണ്ടെന്ന് വ്യക്തമാക്കുന്ന പാസ് എന്ന ഫലവും പിന്നെയുള്ളത് റഫര്‍ എന്നതും ആണ്. റഫര്‍ എന്നതിന് കേള്‍വിയില്ല എന്നര്‍ഥമില്ല. കാരണം പല കുട്ടികളിലും ഞരമ്പ് വികസിച്ച് വരാന്‍ താമസമുണ്ടാകും. ഇത്തരം ഫലം വരുന്ന കുട്ടികളെ മൂന്നു മാസത്തിനുള്ളില്‍ തന്നെ വീണ്ടും പരിശോധന നടത്തി രണ്ടു ചെവിയിലും കേള്‍വിശക്തിയുണ്ടെന്ന് ഒറപ്പു വരുത്തണം. മൂന്നുമാസം കഴിഞ്ഞിട്ടും പരിശോധനയില്‍ റഫര്‍ എന്ന ഫലമാണ് വരുന്നതെങ്കില്‍ തുടര്‍ന്ന് ബേറാ പരിശോധന നടത്തി കേള്‍വി തകരാര്‍ സ്ഥിരീകരിച്ചാല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന നൂതനമായ ശസ്ത്രക്രിയ വഴി ഇത്തരം കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടും.

സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതി തരംഗം വഴി ശസ്ത്രിക്രിയയ്ക്കുള്ള സൗകര്യം ലഭ്യമാണ്. മുതിര്‍ന്ന വരില്‍ പലപ്പോഴും ഇത്തരത്തില്‍ കേള്‍വിക്കുറവ് പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് സ്വന്തമായി തന്നെ പണം കണ്ടെത്തേണ്ടി വരും. ജന്മനായുള്ള രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് പലപ്പോഴും ലഭിക്കാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നവര്‍ ഇത്തരത്തിലുളള ശസ്ത്രക്രിയകള്‍ക്ക് തയ്യാറാകാറില്ല ഇത്തരം സാഹചര്യം കണക്കിലെടുത്ത് മുതിര്‍ന്നവരുടെ കേള്‍വിക്കുറവ് പരിഹരിക്കാനുളള ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ഇഎന്‍ടി വിദഗ്ദര്‍ ആവശ്യപ്പെട്ടു.

ചിലര്‍ക്ക് തലച്ചോറിന്റെ അകത്തുള്ള ഞരമ്പില്‍ മുഴകള്‍ ഉണ്ടാകാം ഇത് ഞരമ്പുകളെ പ്രവര്‍ത്തന രഹിതമാക്കാന്‍ സാധ്യതയുണ്ട് ഇത്തരം രോഗികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സാധ്യമല്ല. ഓഡിറ്ററി ബ്രെയിന്‍സ്റ്റെം ഇപ്ലാന്റേഷന്‍ എന്ന ശസ്ത്രകിയയിലൂടെ അവര്‍ക്ക് കേള്‍വി പുനസ്ഥാപിക്കാന്‍ സാധിക്കും. വളരെ ചിലവേറിയ ആ ചികില്‍സ ഇന്ത്യയില്‍ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.ഇത്തരം ചികില്‍സയും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഡോ. രവി രാമലിംഗം (ചെന്നൈ), ഡോ. മേഘനാഥ് (ഹൈദരാബാദ്), ഡോ. ബ്രജേന്ദ്ര ബസര്‍,(ഇന്‍ഡോര്‍),ഡോ. പവന്‍ സിംഗാള്‍, ഡോ. ഹേതല്‍ പട്ടേല്‍ തുടങ്ങിയര്‍ ആദ്യ ദിനത്തില്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.ഇഎന്‍ടി മേഖലയില്‍ ഗവേഷണത്തിന്ഏര്‍പ്പെടുത്തിയ ആര്‍ എ എസ് കൂപ്പര്‍ റിസര്‍ച്ച് അവാര്‍ഡിന് മലയാളിയായ ഡോ.ആര്യശ്രീയും ഗണനാഥന്‍ ഗോവിന്ദ സ്വാമി റിസര്‍ച്ച് അവാര്‍ഡിന് ഡോ. ഐശ്വര്യയും അര്‍ഹമായി. പിജി പേപ്പര്‍ അവാര്‍ഡ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് അവാര്‍ഡ്, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് അവാര്‍ഡ് എന്നവയ്ക്കാള്ള മല്‍സരങ്ങള്‍ നടന്നു വരികയാണ്. ഇതിലെ വിജയികളെ 12 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions