ജനുവരി 23 വരെയാണ് ഉല്‍സവാഘോഷം നടക്കുക. ജനുവരി 23 വരെ പുലര്‍ച്ചെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം
കൊച്ചി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ജനുവരി 23 വരെയാണ് ഉല്‍സവാഘോഷം നടക്കുക. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് നാലുമണിയോടെ അകവൂര്‍ മനയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത് മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം ദീപവും
തിരുവാഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്, സെക്രട്ടറി എ.എന്‍. മോഹനന് എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി പ്രത്യേക രഥത്തില്‍ രാത്രി ഏഴരയോടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചു.
മേല്‍ശാന്തി നടുവം നാരായണന് നമ്പൂതിരി തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളില്‍ അണിയിച്ചു ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴീ സങ്കല്‍പ്പമായ പുഷ്പിണിയും ക്ഷേത്രട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരുനടയില്‍ എത്തിയതോടെ നടതുറപ്പ് ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മേല്‍ശാന്തി ശ്രീപാര്‍വതി ദേവിയുടെ നട തുറന്നു. തുടര്‍ന്ന് തിരുവാതിരകളിയും പൂത്തിരുവാതിര ചടങ്ങുകളും പാതിരാ പൂ ചൂടലും നടന്നു.
ജനുവരി 23 വരെ പുലര്‍ച്ചെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം .ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.എസ്. അശോകന്, മാനേജര്‍ എം.കെ. കലാധരന്‍, അകവൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്, അകവൂര്‍ ഹരിദാസ് നമ്പൂതിരിപ്പാട്, തപന്‍ അകവൂര്‍, ക്ഷേത്രട്രസ്റ്റ് അംഗം എ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.