മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതി: ഇന്ത്യ ആഗോള നേതാവ്;
കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ 

നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ ‘സുവര്‍ണ്ണ’ സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. നിസാമാബാദില്‍ സ്ഥാപിച്ച നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മഞ്ഞള്‍ എന്നത് ഗോള്‍ഡന്‍ സ്പൈസാണ്. സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രത്യേക സ്ഥാനവും മഞ്ഞളിനുണ്ട്.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കൃഷിയുടെ സമഗ്രമായ വികസനവും കര്‍ഷകരുടെ ക്ഷേമവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്ന ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും കാര്‍ഷിക മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. മഞ്ഞള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്തുടനീളമുള്ള മഞ്ഞള്‍ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകത്തെ മഞ്ഞള്‍ ഉല്‍പാദനത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10.74 ലക്ഷം ടണ്‍ മഞ്ഞളാണ് രാജ്യത്ത് വിളവെടുത്തത്. മഞ്ഞളിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും പ്രോത്സാഹനം നല്‍കുന്ന ബോര്‍ഡില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഭാഗമാകും. കൂടാതെ, രാജ്യത്തെ വിവിധ കയറ്റുമതി, ഉല്‍പാദക സംഘങ്ങളും ബോര്‍ഡുമായി സഹകരിക്കും. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ മഞ്ഞളിനും മൂല്യവര്‍ധിത ഉല്‍പനങ്ങള്‍ക്കും ആവിശ്യക്കാരേറെയാണ്.

ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, നിസാമാബാദ് എം പി അരവിന്ദ് ധര്‍മപുരി, നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പല്ലെ ഗംഗ റെഡ്ഡി, എംഎല്‍എമാരായ ധന്‍പാല്‍ സൂര്യനാരായണ, പൈദി രാകേഷ് റെഡ്ഡി, കേന്ദ്ര വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കേസാങ് യാങ്സോം ഷെര്‍പ്പ, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി പി ഹേമലത, സ്പൈസസ് ബോര്‍ഡ് ഡയറക്ടറും നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സെക്രട്ടറിയുമായ ഡോ. എ.ബി. രമ ശ്രീ എന്നിവര്‍ പങ്കെടുത്തു.

Spread the love