കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് (ഐ.ഐ.ടി.എം) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ഐഐടിഎം ഡയറക്ടര്‍ രോഹിത് ഹംഗല്‍,സഹ ഡയറക്ടര്‍ സഞ്ജയ് ഹഖു, സിഹ്രയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജോസ് പ്രദീപ്, ഐസിപിബിയിലെ ഗവേണിംഗ് ബോര്‍ഡ് അംഗം യു സി റിയാസ്, ടിഎഎഐ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ്, എസ്‌കെഎഎല്‍ കൊച്ചി പ്രസിഡന്റ് നിര്‍മ്മല ലില്ലി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സിഇഒ കെ. രാജ്കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ജനുവരി 19 വരെ നീളുന്ന മൂന്ന് ദിവസത്തെ ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ടൂറിസം ബോര്‍ഡുകള്‍, അഞ്ച് വിദേശ രാജ്യങ്ങള്‍, വിവിധ ട്രാവല്‍ ട്രേഡ് സംഘടനകള്‍ എന്നിവയും, തീര്‍ത്ഥാടനം, സാഹസിക യാത്ര, സംസ്‌കാര പൈതൃക സ്ഥലങ്ങള്‍, ബീച്ചുകള്‍, വന്യജീവി കേന്ദ്രങ്ങള്‍, ഹില്‍ സ്‌റ്റേഷനുകള്‍ തുടങ്ങിയവ സംബന്ധിച്ച നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്. കേരളം, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഒറീസ, ജമ്മു ആന്‍ഡ് കാശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുര്‍ക്കി, മലേഷ്യ, വിയറ്റ്‌നാം, ബാലി, തായ്‌ലന്‍ഡ്, നേപ്പാള്‍,ഠഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദര്‍ശനത്തിനുണ്ട്.
ബിസിനസുകാര്‍ക്ക് വേണ്ടിയും, യാത്രികര്‍ക്ക് വേണ്ടിയുമായി പ്രത്യേകം ഉല്‍പ്പന്ന സേവന സൗകര്യങ്ങള്‍ (ബിടുബി ആന്റ് ബിടുസി) ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേള പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഐടിഎം ഡയറക്ടര്‍ രോഹിത് ഹംഗല്‍ പറഞ്ഞു.സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കല്‍, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികള്‍, വെല്‍നസ് യാത്ര എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ മേള. ആയിരത്തിലധികം അവധിക്കാല പാക്കേജുകളും മേള വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്ന് രോഹിത് ഹംഗല്‍ പറഞ്ഞു. രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. സൗജന്യമായിട്ടാണ് പ്രവേശനം.