കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 0-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 0
കൊച്ചി: മല്‍സരത്തിന്റെ മുപ്പതാം മിനിറ്റില്‍ പത്തു പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം കെടുത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കായില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ ഗോള്‍ പിറന്നില്ലെങ്കിലും, ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. 30ാം മിനിറ്റില്‍ പ്രതിരോധ താരം ഐബെന്‍ ഡോഹ്ലിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ മത്സരത്തിന്റെ 60 മിനിറ്റിലേറെ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പ്രതിരോധം അവസരത്തിനൊത്തുയര്‍ന്ന മത്സരത്തില്‍ ഗോളി സച്ചിന്‍ സുരേഷിന്റെ മിന്നല്‍ സേവുകളാണ് ബ്ലാസ്റ്റേഴ്സിന് ജയതുല്യ സമനിലക്ക് കളമൊരുക്കിയത്.
ഒഡീഷക്കെതിരായ ടീമില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. പ്രീതം കോട്ടാല്‍, ടീം വിടുതല്‍ ചെയ്ത അലക്സാണ്ടര്‍ കോയെഫ്, സസ്പെന്‍ഷനിലായ നവോച്ച സിങ് എന്നിവര്‍ക്ക് പകരമായി സന്ദീപ് സിങ്, വിബിന്‍ മോഹനന്‍, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ആദ്യ ഇലവനിലെത്തി. ക്ലബ്ബില്‍ പുതുതായി ചേര്‍ന്ന മോണ്ടിനെഗ്രോ താരം ദുഷാന്‍ ലഗാതോര്‍ പകര ലിസ്റ്റില്‍ ഇടം നേടി. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു.
പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, റുയ്വാ ഹോര്‍മിപാം, ഐബെന്‍ ഡോഹ്ലിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, വിബിന്‍ മോഹനന്‍. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പറായി ഗുര്‍മീത്. പ്രതിരോധത്തില്‍ മിഗ്വേല്‍ സബാക്ക ടോമെ, അഷീര്‍ അക്തര്‍, സാംതെ, റെഡീം എന്നിവര്‍. നെസ്റ്റര്‍ റോജര്‍, മുഹമ്മദ് അലി ബെമെമ്മര്‍, ബെക്കെ ഓറം, മക്കാര്‍ട്ടന്‍ എന്നിവര്‍ മധ്യനിരയില്‍. അലാദീന്‍ അജറായിയും എം.എസ് ജിതിനുമായിരുന്നു മുന്നേറ്റത്തില്‍.
തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനെ വൈകാതെ തന്നെ നോര്‍ത്ത് ഈസ്റ്റ് നിര സമ്മര്‍ദത്തിലാക്കി. അഞ്ചാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എതിര്‍വല കുലുക്കിയെങ്കിലും അതിനുമുമ്പേ റഫറി ഫൗള്‍ വിധിച്ചു. 12ാം മിനിറ്റില്‍ അജാറിയിയും ജിതിനും ചേര്‍ന്ന് നടത്തിയൊരു നീക്കം ഡ്രിന്‍സിച്ച് കോര്‍ണറിന് വഴങ്ങി വിഫലമാക്കി. തുടക്കത്തിലേ ലീഡ് നേടാനുള്ള ഇരുടീമുകളുടെയും ശ്രമം മത്സരത്തെ ആദ്യ നിമിഷം മുതല്‍ ത്രില്ലിലാക്കി. ഇരുഭാഗത്തും യഥേഷ്ടം പന്തൊഴുകി. 30ാം മിനിറ്റില്‍ ഐബെന്‍ ഡോഹ്ലിങ് നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരായി ചുരുങ്ങി. ബ്ലാസ്റ്റേഴ്സ് ബോക്സില്‍ അലാദീന്‍ അജറായിയെ ഫൗള്‍ ചെയ്തതിനായിരുന്നു റെഡ് കാര്‍ഡ്, നോര്‍ത്ത് ഈസ്റ്റ് താരത്തിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. അംഗബലം കുറഞ്ഞെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ വീര്യം അടങ്ങിയില്ല. 38ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നോഹ സദൂയി ഒരു ഇടങ്കാലന്‍ ഷോട്ടുതിര്‍ത്തു. വല ലക്ഷ്യമായ പന്തിനെ ഗുര്‍മീത് ഡൈവ് ചെയ്ത് ഗതിമാറ്റി, ബ്ലാസ്റ്റേഴ്സിന് കോര്‍ണര്‍.
ലൂണയെടുത്ത കിക്കില്‍ മിലോസ് ഡ്രിന്‍സിച്ച് ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം പാളി. നോര്‍ത്ത് ഈസ്റ്റ് പ്രത്യാക്രമണത്തിന് ശ്രമിച്ചു. അജറായിയുടെ ഒരു കരുത്തുറ്റ ഷോട്ട് സച്ചിന്‍ സുരേഷ് തട്ടിയകറ്റി. 44ാം മിനിറ്റില്‍ വീണ്ടും ബോക്സിന് പുറത്ത് അജറായിയുടെ ആക്രമണം, സച്ചിന്‍ സുരേഷിന്റെ കൈകള്‍ ഒരിക്കല്‍ കൂടി പന്തിന് തടസം നിന്നു. ഇടവേളക്ക് മുമ്പ് സച്ചിന്‍ സുരേഷിന്റെ മറ്റൊരു അപാര സേവിങിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ബെക്കെ ഓറം നല്‍കിയ പന്തിനെ തകര്‍പ്പനൊരു ഷോട്ടില്‍ വലയിലാക്കാന്‍ അജറായിയുടെ ശ്രമം, അതേ മികവില്‍ സച്ചിന്‍ പന്തിനെ തട്ടിയകറ്റി വലക്ക് പുറത്താക്കി. ഇടവേളക്ക് തൊട്ടുമുമ്പ് മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് വടക്കുകിഴക്കന്‍ ബോക്സിലേക്ക് നോഹയുടെ മുന്നേറ്റം. ബോക്സിന് തൊട്ടുപുറത്ത് മുഹമ്മദ് ബെമെമ്മര്‍ താരത്തെ ഫൗള്‍ ചെയ്തു. ലൂണയുടെ ഫ്രീകിക്കിലും ബ്ലാസ്റ്റേഴ്സിന് അക്കൗണ്ട് തുറക്കാനായില്ല.
മാറ്റങ്ങളില്ലാതെ ഇരുടീമും രണ്ടാം പകുതിക്കിറങ്ങി. 51ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് നെസ്റ്റര്‍ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതുഭാഗത്ത് തട്ടി നേരിയ വ്യത്യാസത്തിന് പുറത്തായി. സച്ചിന്‍ സുരേഷിന്റെ നേരിയ ടച്ചും നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ ശ്രമം വിഫലമാക്കി. തൊട്ടടുത്ത നിമിഷം നോഹയുടെ മറ്റൊരു മുന്നേറ്റം കൂടി ഗുര്‍മീത് അഡ്വാന്‍സ് ചെയ്ത് തടഞ്ഞിട്ടു. 54ാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍ നിന്ന് സ്വീകരിച്ച പന്തില്‍ സാംതെ ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായി.ബ്ലാസ്റ്റേഴ്സിന്റെ അംഗബലക്കുറവ് മുതലെടുക്കാന്‍ ഗോള്‍മുഖത്ത് വട്ടമിട്ട് കളിച്ച നോര്‍ത്ത് ഈസ്റ്റിനെ പ്രതിരോധം സമര്‍ഥമായി പൂട്ടി. 65ാം മിനിറ്റില്‍ ഗോളെന്നുറച്ചൊരു ഷോട്ടിന് ശ്രമിച്ച നോര്‍ത്ത് ഈസ്റ്റ് താരത്തില്‍ നിന്ന് ക്വാമി പെപ്ര ശരവേഗത്തില്‍ പന്ത് തട്ടിയെടുത്ത കാഴ്ച മത്സരത്തിലെ മനോഹര നിമിഷങ്ങളിലൊന്നായി.
പ്രതിരോധത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറെ ശ്രദ്ധയും, അവസരം കിട്ടിയപ്പോഴെല്ലാം പ്രത്യാക്രമണത്തിന് ശ്രമിച്ചു. 74ാം മിനിറ്റില്‍ ലൂണയെടുത്ത ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ വലയ്ക്കരികെ പറന്നു. നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 84ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണക്ക് പകരം ദുഷാന്‍ ലഗാതോര്‍ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങി. ഫ്രഡിക്ക് പകരം ലാല്‍തമാവിയയും സദൂയിക്ക്് പകരം ജിമിനെസും കളത്തിലെത്തി. അധിക സമയത്തും ബ്ലാസ്റ്റേഴ്സ് പൊരുതി നിന്നതോടെ കൊച്ചിയിലെ ആദ്യജയമെന്ന നോര്‍ത്ത് ഈസ്റ്റിന്റെ മോഹം പൊലിഞ്ഞു. 17 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. 25 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റിന്റെ അഞ്ചാം സ്ഥാനത്തിനും ഇളക്കമില്ല. ജനുവരി 24ന് ഈസ്റ്റ് ബെംഗാള്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം, കൊല്‍ക്കത്തയാണ് വേദി.