രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സ്;
പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

Air India express

7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

 

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സര്‍വീസുകളുമുണ്ട്.ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കില്‍ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജോടു കൂടി എക്‌സ്പ്രസ് ലൈറ്റ് വിഭാഗത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ ലഗേജുള്ള എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ വരെയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോ വരെയും കുറഞ്ഞ നിരക്കില്‍ ചെക്ക് ഇന്‍ ബാഗേജ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് അലവന്‍സ് ലഭിക്കും. 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള റിക്ലൈനര്‍ സീറ്റുകളാണ് ബിസ് ക്ലാസ്സിലുള്ളത്. ഗോര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് എഹെഡ് ചെക്ക് ഇന്‍, ബോര്‍ഡിങ് എന്നിവയില്‍ മുന്‍ഗണനയും ലഭിക്കും.ചെക്ക് ഇന്‍ ബാഗേജിന് പുറമെ രണ്ട് ബാഗുകളിലായി ഏഴു കിലോയില്‍ അധികരിക്കാത്ത ഹാന്‍ഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാം. മുന്‍പിലെ സീറ്റിന് അടിയില്‍ ഇരിക്കുന്ന വിധം 40*30*10 സെന്റിമീറ്ററില്‍ താഴെ വലുപ്പമുള്ള ലാപ്‌ടോപ് ബാഗ്, ഹാന്‍ഡ് ബാഗ്, ബാക്ക് പാക്ക് തുടങ്ങിയവയും കൊണ്ടു പോകാം.കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് സൗജന്യമായി ലഭിക്കും.

ഇതോടെ കുഞ്ഞിനും മുതിര്‍ന്ന ആള്‍ക്കുമായി 7കിലോ ക്യാബിന്‍ ബാഗേജ് ഉള്‍പ്പെടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം.കൂടുതല്‍ ക്യാബിന്‍ ബാഗേജ് ആവശ്യമുള്ളവര്‍ക്കായി എക്‌സ്ട്രാ ക്യാരി ഓണ്‍ സേവനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി മൂന്നു മുതല്‍ 5 കിലോ വരെ അധിക ക്യാബിന്‍ ബാഗേജ് കൊണ്ടുപോകാന്‍ സാധിക്കും. 56*36*23 സെന്റീമീറ്ററില്‍ താഴെ വലുപ്പമുള്ള സംഗീത ഉപകരണങ്ങള്‍ സൗജന്യമായി കൊണ്ടുപോകാം. ഇതിലും വലുതും എന്നാല്‍ 75 കിലോയില്‍ താഴെയുള്ള സംഗീതോപകരണങ്ങള്‍ കൊണ്ടുപോകാന്‍ അധികമായി ഒരു സീറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ട്. പ്രത്യേകം ബുക്ക് ചെയ്തും ഇവ കൊണ്ടു പോകാം.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവോടെ പ്രതിദിനം 400 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. തായ്‌ലന്‍ഡിലെ ബാങ്കോക്ക്, ഫുക്കറ്റ് ഉള്‍പ്പെടെ 50ലധികം ഇടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകളുള്ളത്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions