റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍പ്പില്‍ എത്തിയത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതല്‍ 15 തീയതിക്കുള്ളില്‍ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ നല്‍കുന്ന രീതിയില്‍ വ്യവസ്ഥയുണ്ടാക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പരിഷ്‌ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ മാര്‍ച്ചില്‍ തുടങ്ങും. അര്‍ഹമായ വര്‍ധനവ് വേഗത്തില്‍ നടപ്പിലാക്കും. അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യാപാരികള്‍ തീരുമാനങ്ങള്‍ അംഗീകരിച്ചു.

എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പതിനെട്ടോളം നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സാമ്പത്തികകാര്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങള്‍ പ്രായോഗികതകൂടി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. റേഷന്‍ കടകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന കെ സ്‌റ്റോറുകളായി മാറ്റുന്നത് ഉള്‍പ്പടെ വ്യാപാരികളെ സഹായിക്കുന്ന നിരവധി തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മുകുന്ദ് ടാക്കൂര്‍, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, റേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, മുഹമ്മദലി, മോഹനന്‍പിള്ള, ജി. കൃഷ്ണപ്രസാദ്, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, കാടാമ്പുഴ മൂസ, ശശിധരന്‍, കെ.ഇ.ആര്‍.എഫ് (എ.ഐ.റ്റി.യു.സി) വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ആര്‍. സജിലാല്‍, ജനറല്‍ സെക്രട്ടറി പി.ജി. പ്രിയന്‍കുമാര്‍, മീനാങ്കല്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions