ഹോര്‍ത്തൂസ് മലബാറിക്കസ്
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു

പതിനേഴാം നൂറ്റണ്ടിന്റെ ഗ്രന്ഥം തുറന്ന് സസ്യങ്ങള്‍ പൂന്തോട്ടത്തിലെത്തുന്ന അപൂര്‍വ്വ കാഴ്ച്ചയാണ് 27 ഏക്കര്‍ വിസ്തൃതിയുള്ള ഉദ്യാനം പ്രധാനമായി ഒരുക്കിയിട്ടുള്ളത്.

 

തൃശൂര്‍: കേരളത്തിന്റെ ഹരിത പൈതൃകവും ജൈവവൈവിധ്യവും വിളംബരം ചെയ്യുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ചെറുതുരുത്തിക്ക് സമീപം നെടുമ്പുരയില്‍ തുറന്നു. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് വാന്‍ റീഡ്, സഹായിയായ ഇട്ടി അച്യുതന്‍ വൈദ്യയുമായി ചേര്‍ന്ന് പ്രദേശത്തെ സസ്യജാലങ്ങളെയും ഔഷധ സസ്യങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്തിയിരുന്നു. ആ ബൃഹത്തായ പുസ്തകമാണ് ഹോര്‍ട്ടസ് മലബാറിക്കസ് അഥവാ മലബാറിന്റെ പൂന്തോട്ടം. പതിനേഴാം നൂറ്റണ്ടിന്റെ ഗ്രന്ഥം തുറന്ന് സസ്യങ്ങള്‍ പൂന്തോട്ടത്തിലെത്തുന്ന അപൂര്‍വ്വ കാഴ്ച്ചയാണ് 27 ഏക്കര്‍ വിസ്തൃതിയുള്ള ഉദ്യാനം പ്രധാനമായി ഒരുക്കിയിട്ടുള്ളത്. വൃക്ഷത്തൈ നട്ടുകൊണ്ട് സസ്യോദ്യാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു.

ഹെന്‍ഡ്രിക് വാന്‍ റീഡിന് ആദരവ് മാത്രമല്ല ഈ ഉദ്യാനം.കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും അതിന്റെ ഔഷധസസ്യ പാരമ്പര്യവും, ഇവിടുത്തെ ആവാസ വ്യവസ്ഥയും പഠനവും ആഘോഷവുമാവുന്ന ഇടമാണിതെന്ന് മന്ത്രി പറഞ്ഞു.യു.ആര്‍. പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ചു. യുനെസ്‌കോ ആര്‍ക്കിയോളജിക്കല്‍ എത്തിക്‌സ് ആന്‍ഡ് പ്രാക്ടീസ് ഇന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ചെയറുംയുകെയിലെ ഡര്‍ഹാം യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. റോബിന്‍ കോണിംഗ്ഹാം; സൈജീനോം റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സാം സന്തോഷ്; മുന്‍ എംപി ഡോ. പി.കെ. ബിജു; വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍ ഖാദര്‍; എംഎസ് യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ഡോ. കെ. കൃഷ്ണന്‍; കെഡിഐഎസ്‌സി മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ഹോര്‍ത്തൂസ് മലബാറിക്കസില്‍ രേഖപ്പെടുത്തിയിരിക്കുന്ന 721 ഇനങ്ങള്‍ ഉള്‍പ്പെടെ 1,200ലധികം സസ്യ ഇനങ്ങള്‍ ഈ ഉദ്യാനത്തിലുണ്ട്. ആഗോള ജൈവവൈവിധ്യ കേന്ദ്രമായ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 700 അപൂര്‍വ ഇനങ്ങള്‍ കൂടി ഇവിടെ സംരക്ഷിക്കപ്പെടുന്നു.

Spread the love