കൊച്ചി: സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റും സ്റ്റേറ്റ് സീഡ് ഫാമും ചേര്‍ന്ന് ‘മത്സ്യാവശിഷ്ടത്തില് നിന്ന് മല്‍സ്യ തീറ്റയും ജൈവവളനിര്‍മ്മാണവും’ എന്ന വിഷയത്തില്‍ കര്‍ഷക സംഗമവും പരിശീലന പ്രദര്‍ശനവും ഒക്കല്‍ ഫാം ഫെസ്റ്റില്‍ സംഘടിപ്പിച്ചു. കൃഷിയിലെ സുസ്ഥിരമായ രീതികളും നൂതനമായ ആശയങ്ങളും ചര്‍ച്ച ചെയ്യാന്‍ കര്‍ഷകരെയും ശാസ്ത്രജ്ഞരെയും കാര്‍ഷിക വിദഗ്ദരേയും ഒരുമിച്ച് കൊണ്ടുവരുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.സിഫ്ട് ഡയറക്ടര്‍ ഡോ ജോര്‍ജ്ജ് നൈനാന് അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണത്തില്‍ സംയുക്ത സഹകരണത്തിനുള്ള ധാരണാപത്രം സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന് സീനിയര്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ശ്രീ ഫിലിപ്പ് ജിക്ക് കൈമാറി.മത്സ്യമാര്‍ക്കറ്റിലെ മാലിന്യം മല്‍സ്യ തീറ്റയും ജൈവവളവുമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ഉല്‍പ്പാദന പ്രക്രിയയുടെ വിശദാംശങ്ങള്‍ സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. ബിന്‍സി പി.കെയും ഡോ. എ ജയകുമാരിയും അവതരിപ്പിച്ചു. സിഫ്റ്റിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സൈനുദ്ധീന്‍ എ.എ യും മറ്റ് ശാസ്ത്രജ്ഞരും കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സിഫ്റ്റിലെ സാങ്കേതികവിദ്യകളെ കുറിച്ച് കര്‍ഷകര്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശവും നല്കി.
ശ്രീ ഫിലിപ്പ് ജി, സീനിയര്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ , കൃഷി വകുപ്പ് ; സിഫ്റ്റിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും എസ്.എ.പി നോഡല്‍ ഓഫീസറുമായ ഡോ. ഗീതാലക്ഷ്മി വി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. അറുപതോളം കര്‍ഷകരും കൃഷി ഓഫീസര്‍മാരും സംഗമത്തില്‍ പങ്കെടുത്തു.