100 ദിനങ്ങള്‍; 7,000 അതിഥികള്‍; വിജയവഴിയില്‍ 0484 ലോഞ്ച് 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ഇതിനകം 7,000ത്തിലധികം അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 4,000ത്തോളം ബുക്കിംഗുകളും നടന്നു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം ലഭ്യമാണ്. സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എ.എസ്.എല്ലിനാണ് നിലവില്‍ 0484 ലോഞ്ചിന്റെ നടത്തിപ്പുചുമതല.8, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ആളുകള്‍ ലോഞ്ച് ഉപയോഗിക്കുന്നു.

എന്‍.ആര്‍.ഐ.കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്. കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ മീറ്റിംഗുകള്‍ക്കായും മറ്റും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകര്‍ഷണം. പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍, പത്രസമ്മേളനങ്ങള്‍, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.ലോഞ്ചിനകത്തായി കഫേയും റീട്ടെയില്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടെര്‍മിനലിന് തൊട്ടടുത്തതായതുകൊണ്ട് തന്നെ രാത്രി യാത്രക്കാര്‍ക്കും മറ്റും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു. സിയാലിന്റെ വ്യോമേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറിലാണ് ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ഒക്ടോബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions