കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം, സാംസ്‌കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും ജലഗതാഗത വകുപ്പ് വാങ്ങിയ അത്യാധുനിക ബോട്ടുകളുടെയും സില്‍റ്റ് പുഷര്‍ മെഷീന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹാള്‍ വരെയുള്ള പ്രദേശങ്ങളെ സൈലന്റ് സോണാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി, വിവിധ കലാലയങ്ങള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോണ്‍ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കും.എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഭൂഗര്‍ഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉള്‍പ്പെടുന്ന ഡിസൈനാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേരും.എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും എന്‍.എച്ച് 66 ദേശീയപാതയിലെ റോഡ് നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കില്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി കൊച്ചി റൂട്ടില്‍ ഉടന്‍ തന്നെ പ്രത്യേക ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.