എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി സിയാല്‍; ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കും 

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. നിലവിലെ ശീതകാല ഷെഡ്യൂള്‍ അവസാനിക്കുന്നതോടെ, തിരക്കേറിയ ഈ സര്‍വീസ്, മാര്‍ച്ച് 28 ന് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

 

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ വിമാനം മാസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിച്ചേക്കും. മാര്‍ച്ച് 28 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള എയര്‍ ഇന്ത്യയുടെ അറിയിപ്പിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ ബുധനാഴ്ച എയര്‍ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. നിലവിലെ ശീതകാല ഷെഡ്യൂള്‍ അവസാനിക്കുന്നതോടെ, തിരക്കേറിയ ഈ സര്‍വീസ്, മാര്‍ച്ച് 28 ന് നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ബുധനാഴ്ച ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തി.

എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജി, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. എന്നിവര്‍ പങ്കെടുത്തു. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാന സര്‍വീസ്, ലാഭകരമാക്കാനുള്ള പാക്കേജ്, ചര്‍ച്ചയില്‍ സിയാല്‍ അവതരിപ്പിച്ചു. സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Spread the love