ബ്ലാസ്റ്റേഴ്‌സിന് ഇനി സ്പാനിഷ് കരുത്ത് ; ഡേവിഡ് കറ്റാല പുതിയ പരിശീലകന്‍

ഡേവിഡ് കറ്റാല ഉടന്‍ തന്നെ കൊച്ചിയില്‍ എത്തിച്ചേരും. അദ്ദേഹത്തിന്റെ പരിശീലനത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനായി കളത്തിലിറങ്ങുക.

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയ്ക്ക് ഇനി സ്പാനിഷ് കരുത്ത്. ടീമിന്റെ പുതിയ പരിശീലനകനായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന ഡേവിഡ് കറ്റാലയെ ഒരു വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. സ്‌പെയിനിലെ മുന്‍ പ്രതിരോധ നിരതാരമായ ഡേവിഡ് കറ്റാല സ്‌പെയിനിലും സൈപ്രസിലുമായി 500 ലധികം മല്‍സരങ്ങളിലാണ് ബൂട്ടണിഞ്ഞിട്ടുള്ളത്.

സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എഇകെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ക്രൊയേഷ്യന്‍ ഫ്സ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ എന്‍കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷനില്‍ സിഇ സബാഡെല്‍ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയര്‍. കേരള ബാസ്റ്റേഴ്‌സിന്റെ പരിശീലകനായി മാറാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് ഡേവിഡ് കറ്റാല പറഞ്ഞു.

നിശ്ചയദാര്‍ഢ്യവും, സമ്മര്‍ദ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നില്‍ നിന്ന് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിനാകും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ഡേവിഡ് കറ്റാല ഉടന്‍ തന്നെ കൊച്ചിയില്‍ എത്തിച്ചേരും. അദ്ദേഹത്തിന്റെ പരിശീലനത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനായി കളത്തിലിറങ്ങുക.

 

Spread the love