കാന്‍സറിനെ തുരത്താന്‍ കാര്‍-ടി സെല്‍ തെറാപ്പി;  ഏപ്രില്‍ ആറിന് നാഷണല്‍ കോണ്‍ക്ലേവ്

എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന കോണ്‍ക്ലേവ് ഉച്ചയ്ക്ക് 12 ന്  വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
കൊച്ചി :  കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ്  ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍  ഏപ്രില്‍ ആറിന് ” ക്യുറാ ഇമ്മ്യൂണിസ് ” കാര്‍ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന കോണ്‍ക്ലേവ് ഉച്ചയ്ക്ക് 12 ന്  വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.വി ലൂയിസ് അധ്യക്ഷത വഹിക്കും. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍  ആരംഭിക്കുന്ന പുതിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാര്‍ടി സെല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും കോണ്‍ക്ലേവില്‍ നടക്കും.  യു.എസ്.എ യിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. സത്വ എസ്. നീലാപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. നവീന്‍ കാറ്റ്‌റി, പ്രൊഫ. രാഹുല്‍ പര്‍വാര്‍, ഡോ. പി.വി തോമസ്, ഡോ. ബോബന്‍ തോമസ്, ഡോ. ബി. ഹിത, ഡോ. തോമസ് കുഞ്ചെറിയ തുടങ്ങിയവര്‍ സംസാരിക്കുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി.ലൂയിസ്, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. വരുണ്‍ രാജന്‍, സെക്രട്ടറി ഡോ. തോമസ് കുഞ്ചെറിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാന്‍സറിനെതിരെയുള്ള ചികില്‍സയില്‍ പ്രതികരണം ഉണ്ടാകാത്തവര്‍ക്കും കാന്‍സര്‍ തിരിച്ചു വരുന്ന വ്യക്തികള്‍ക്കും ഏറ്റവും ഫലപ്രദമായ ചികില്‍സയാണ് കാര്‍ടി സെല്‍ തെറാപ്പി. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നി രക്താര്‍ബുദങ്ങള്‍ക്കാണ് ഇപ്പോള്‍  ഈ ചികില്‍സ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളത്. അടുത്ത ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ എല്ലാ തരത്തിലുമുള്ള കാന്‍സറിനും കാര്‍ടി സെല്‍ തെറാപ്പി ഫലപ്രദമാകുന്ന വിധത്തിലുളള കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. 45 ദിവസം കൊണ്ട് കാര്‍ടി സെല്‍ തെറാപ്പി ഉപയോഗിച്ചുള്ള ചികില്‍സ പൂര്‍ത്തിയാകും. തുടര്‍ച്ചയായയുള്ള ആശുപത്രി വാസം പത്തുദിവസത്തില്‍ താഴെ മതിയാകും.  ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന കോണ്‍ക്ലേവ് ഇന്‍ഡ്യ സൊസൈറ്റി ഓഫ്  മെഡിക്കല്‍ ആന്റ്  പീഡിയാട്രിക് ഓങ്കോളജി,  അസോസിയേഷന്‍ ഓഫ്  മെഡിക്കല്‍ പീഡിയാട്രിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് കേരള, കൊച്ചിന്‍ ഹെമറ്റോളജി ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 200 ലധികം ഫാക്കല്‍റ്റികളും 300 ലധികം പ്രതിനിധികളും പങ്കെടുക്കും.

ആറിന് രാവിലെ ഒമ്പത് മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പാനല്‍ ചര്‍ച്ചകളുമായി ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ കാന്‍സര്‍ രോഗവിദഗ്ധരായ ഡോ. പി.എം ജയചന്ദ്രന്‍, ഡോ.ഹസ്മുഖ് ജെയിന്‍, ഡോ.ചന്ദ്രന്‍ കെ. നായര്‍, ഡോ. ശരത് ദാമോദര്‍, ഡോ.കെ.വിജയ് പാട്ടീല്‍, ഡോ. പ്രസാദ് നാരായണന്‍, ഡോ.നീരജ് സിദ്ധാര്‍ഥന്‍,  ഡോ.ഉദയ് കുല്‍ക്കരണി, ഡോ. ലിംഗരാജ് നായക്, ഡോ. എന്‍.വി രാമസ്വാമി, ഡോ.സുനു ലാസര്‍ സിറിയക് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പാനല്‍ ചര്‍ച്ചയോടെ കോണ്‍ക്ലേവ് അവസാനിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു