കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിംഗ് യാര്‍ഡില്‍ പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടക ഭാഗങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. നാല് പിയര്‍കാപുകളുടെയും 4 യു ഗര്‍ഡറു കളുടെയും കാസ്റ്റിംഗ് പൂര്‍ത്തിയായി.
കൊച്ചി:കൊച്ചി മെട്രോയുടെ പാലാരിവട്ടത്തു നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാം ഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 307 പൈലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിംഗ് യാര്‍ഡില്‍ പിയര്‍കാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടക ഭാഗങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. നാല് പിയര്‍കാപുകളുടെയും 4 യു ഗര്‍ഡറു കളുടെയും കാസ്റ്റിംഗ് പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിയറിനു മുകളിലുള്ള മെട്രോ സ്‌റ്റേഷന്‍ ഘടകഭാഗങ്ങളെല്ലാം കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിക്കുകയാണ്. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മാണം നടക്കുന്നത്. യു ഗര്‍ഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിന്റെ നാല് ഗാന്‍ട്രി ക്രെയിനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെ വിഭാഗത്തിലാണ് ഐ ഗര്‍ഡറുകള്‍, പിയര്‍ കാപ്പുകള്‍, പാരപ്പെറ്റുകള്‍, റ്റി ഗര്‍ഡറുകള്‍, എല്‍ ഗര്‍ഡറുകള്‍ എന്നിവയുടെ നിര്‍മാണം. ഇവിടെ ആറ് ഗാന്‍ട്രി ക്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നു. 10 ടണ്ണ് ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള രണ്ടും 60 ടണ്ണിന്റെ രണ്ടും 100 ടണ്ണിന്റെ ഒന്നും 120 ടണ്ണിന്റെ ഒന്നും ഗാന്‍ട്രി ക്രയിനുകളുണ്ട്. രണ്ടാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട ക്വാളിറ്റി ലാബും കോണ്‍ക്രീറ്റ് ബാച്ചിംഗ് ലാബും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് മാലിന്യം മൂലമുള്ള പരിസ്ഥതി ദോഷം കുറയ്ക്കാന്‍ കോണ്‍ക്രീറ്റ് മാലിന്യ പുനരുപയോഗ പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വൈഡക്ട് നിര്‍മാണത്തിനായി 500 യു ഗര്‍ഡറുകളും 580 ഐ ഗര്‍ഡറുകളും 354 പിയര്‍ കാപുകളുമാണ് നിര്‍മിക്കുന്നത്. സ്‌റ്റേഷന്‍ നിര്‍മാണത്തിനായി 100 യു ഗര്‍ഡറുകളും 120 പിയര്‍ ആമുകളും 400 റ്റി ഗര്‍ഡറുകളും 200 എല്‍ ഗര്‍ഡറുകളും നിര്‍മിക്കുന്നു.