പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കിലാണ് ആദ്യത്തെ വായനാപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്ഉദ്ഘാടനം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രമുഖ സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുത്തു
കൊച്ചി : കൊച്ചി നഗരത്തിലെ പനമ്പിള്ളി നഗറിലുള്ള കോയിത്തറ പാര്‍ക്കില്‍ വരുന്നവര്‍ക്ക് ഇവിടുത്തെ സുഖശീതളമായ കാറ്റേറ്റ് മരച്ചുവട്ടിലിരുന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ ഇനി വായനാപ്പെട്ടിയുമുണ്ട്. ആര്‍ക്കും പാര്‍ക്ക് തുറക്കുന്ന സമയങ്ങളില്‍ ഇവിടെ വരാം. ഇഷ്ടമുള്ള പുസ്തകം എടുക്കാം. മരത്തണലുകളിലിരുന്നുകൊണ്ട് പുസ്തകങ്ങള്‍ വായിക്കാം. പുസ്തകങ്ങളെപ്പറ്റി ചര്‍ച്ചകള്‍ ചെയ്യാം. തിരികെ പോകുമ്പോള്‍ ആ പുസ്തകം വായനാപ്പെട്ടിയില്‍ തിരികെ വെക്കണമെന്ന് മാത്രം. ഇനി ആര്‍ക്കെങ്കിലും പുസ്തകം കൊണ്ടുപോകണമെങ്കില്‍ അതിനും വഴിയുണ്ട്; പകരം ഒരു പുസ്തകം ഇവിടെ വച്ചാല്‍ മതി.പുതിയ കാലത്തിന്റെ വായനയെ അടയാളപ്പെടുത്തിക്കൊണ്ട് കൊച്ചിയിലെ പൊതുഇടങ്ങളിലും പാര്‍ക്കുകളിലും ആശുപത്രികളിലുമെല്ലാം ഇത്തരത്തില്‍ പുസ്തകപ്പെട്ടികള്‍ സ്ഥാപിക്കുകയാണ്. പുസ്തകങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും എഴുത്തുകാരുമായി സംവദിക്കാനുമായി വായനാക്കൂട്ടങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി പുതിയ കാലത്തിന്റെ വായനയെ അടയാളപ്പെടുത്തുകയും, വായനയിലേക്ക് പുതിയ തലമുറയെ കൊണ്ടു വരാനും, വായിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടിയുള്ളതാണ്.പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കില്‍ വെച്ച് നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യത്തെ വായനാപ്പെട്ടിയുടെ ഉദ്ഘാടനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായിട്ടുള്ള പി.എഫ് മാത്യൂസ് നിര്‍വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ലതിക ടീച്ചര്‍ സ്വാഗതവും കൈറ്റ്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം നന്ദിയും പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ പി ആര്‍ റനീഷ്, കൈറ്റ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ സി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യ കൊച്ചി വളണ്ടിയര്‍ ബാങ്കുമായി സഹകരിച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്ന് പുസ്തക സമാഹരണം നടത്തിയാണ് വായനപ്പെട്ടിയിലേക്ക് വേണ്ട പുസ്തകങ്ങള്‍ സമാഹരിക്കുന്നത്. താല്പര്യമുള്ള സന്നദ്ധസംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9745377786 എന്ന നമ്പറില്‍ ബന്ധപ്പെടാം.