ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ സ്റ്റോര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി, ആക്സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം. കേരളത്തില്‍ റിവറിന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തിവരികയാണെന്ന് റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു.
ഇതിന്റെ ഭാഗമായി 2025 സെപ്തംബര്‍ ആകുമ്പോഴേക്കും തൃശൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 10 പുതിയ സ്റ്റോറുകള്‍ റിവര്‍ ആരംഭിക്കുമെന്നും അരവിന്ദ് മണി പറഞ്ഞു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂര്‍, മൈസൂര്‍, തിരുപ്പതി, വെല്ലൂര്‍, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകള് റിവറിനുണ്ട്. സെപ്തംബര്‍ 2025 ആകുമ്പോഴേക്കും കൊച്ചിയില്‍ മറ്റൊരു സ്റ്റോറുള്പ്പടെ 10 പുതിയ സ്റ്റോറുകള്‍ കേരളത്തിലും, ഇന്ത്യയില്‍ മൊത്തം 60 സ്റ്റോറുകളുമാണ് റിവര്‍ ലക്ഷ്യം വയ്ക്കുന്നത്. 1,42,999 രൂപയാണ് ഇന്‍ഡിയുടെ തിരുവനന്തപുരം എക്സ്ഷോറൂം വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെര്‍ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. www.rideriver.com എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായും ടെസ്റ്റ് ഡ്രൈവുകള്‍ ബുക്ക് ചെയ്യാം.
തിരുവനന്തപുരത്ത് പാപ്പനംകോട് കൈമനം കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക്സിന് എതിര്‍വശത്തായാണ് റിവര്‍ ഷോറും സജ്ജമാക്കിയിരിക്കുന്നത്.