മലയാറ്റൂര്‍ പുരസ്‌ക്കാരം നേടി ‘ഹാര്‍മണി അണ്‍വീല്‍ഡ്’ 

ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്.
കൊച്ചി: ഡോ. സുരേഷ് കുമാര്‍ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേര്‍ന്നു രചിച്ച ‘ഹാര്‍മണി അണ്‍വീല്‍ഡ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന് ഇരുപത്തി ഒന്നാമത് മലയാറ്റൂര്‍ പുരസ്‌കാരം ലഭിച്ചു. ആദ്യമായാണ് ഒരു ഇംഗ്ലീഷ് കൃതി ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദമാക്കി ഇംഗ്ലീഷില്‍ രചിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ കൃതിയാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ഉപാസന സാംസ്‌കാരിക വേദി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെയ് 28ന് തിരുവന്തപുരത്തു മദനമോഹന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍  മന്ത്രി ജി ആര്‍ അനില്‍ കുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. നന്ദകുമാര്‍, പത്മശ്രീ ജെ ഹരീന്ദ്രന്‍നായര്‍, പ്രഭാവര്‍മ്മ, ഡോ. എം ആര്‍ തമ്പാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഡോ. രാജേന്ദ്രന്‍ പിള്ള, മാറനല്ലൂര്‍ സുധി, ഹരന്‍ പുന്നാവൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ പ്രഗത്ഭനും വിദ്യാഭ്യാസ മേഖലയിലേയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ ചിന്തകനും അധ്യാപകനുമാണ് ഡോ. പ്രകാശ് ദിവാകരന്‍. നിരവധി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ. പ്രകാശ് ദിവാകരന്‍, ഇപ്പോള്‍ ഇറ്റാനഗറിലെ ഹിമാലയന്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. സര്‍ഗധനനായ ഇദ്ദേഹം നിരവധി അക്കാദമിക് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.മനുഷ്യവിഭവശേഷി നൈപുണ്യ വികസന മേഖലയില്‍ ഇന്ത്യയിലെ പ്രശസ്തനായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. ഗുജറാത്തിലെ സബര്‍മതി യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാനവ ശേഷി നൈപുണ്യതയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇന്‍ഡോ ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ സാഹിത്യ പ്രതിഭ ഹാര്‍മണി അല്‍വീല്‍ഡ് എന്ന കൃതിയില്‍ അടയാളപ്പെടുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു