എറണാകുളം പ്രസ്ക്ലബിന്റെ എജ്യുപ്രസ് 2025 ന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു
കൊച്ചി: കുട്ടികള്‍ പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കരുതെന്നും അറിവ് നേടാന്‍ വേണ്ടിയായിരിക്കണം പഠനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ എജ്യുപ്രസ് 2025 ന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിസ്ഫോടനത്തിന്റെ കാലമാണിതെന്നും അറിവുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ജീവിത വിജയം കൈവരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ പഠനോപകരണ വിതരണം നെസ്റ്റ് ഗ്രൂപ്പ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അല്‍ത്താഫ് ജഹാംഗീര്‍ നിര്‍വഹിച്ചു.
ലോകത്തിലെ മാറ്റങ്ങള്‍ രക്ഷിതാക്കള്‍ കൂടി ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണമെന്ന് എല്‍ പി , യു പി വിഭാഗം കുട്ടികളുടെ പഠനോപകരണ വിതരണം നിര്‍വഹിച്ച മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ കെ ആര് ബിജിമോന്‍ പറഞ്ഞു.
പാട്ടുംപാടി പഠിക്കാം എന്ന പേരില്‍ നടന്ന കുട്ടികളുടെ കൂട്ടായ്മയില്‍ സത്കലാ വിജയന് കഌസെടുത്തു. ജയിക്കാന്‍ പഠിക്കാം എന്ന വിഷയത്തില്‍ എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ സംസാരിച്ചു. ജയവും തോല്‍വിയും കാലം തെളിയിക്കുന്നതാണെന്നും വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകണമെന്നും അവര്‍ പറഞ്ഞു.
എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഷജില്‍കുമാര്‍ സ്വാഗതവും നിര്‍വാഹകസമിതിയംഗം ഓ പി ജിഷ നന്ദിയും പറഞ്ഞു.