മഴക്കാലത്തെ ദേശീയ പാതകളിലെ പ്രശ്‌നങ്ങള്‍; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് എന്‍എച്ച്എ ഐ

 

ന്യൂഡല്‍ഹി: വര്‍ഷകാലത്തു ദേശീയ പാതകളില്‍ വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി, മുന്‍കരുതല്‍ നടപടികലുമായി ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവര്‍ ചേര്‍ന്ന് 15 ദിവസത്തെ പ്രത്യേക യജ്ഞം ആരംഭിച്ചു. വിവിധ ദേശീയപാതാ ഭാഗങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ്, ദേശീയപാതകളിലെ പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവയിലൂടെ വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ കഴിയുംവിധം നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടാതെ, മഴവെള്ള സംഭരണ സംവിധാനങ്ങള്‍ ശുചീകരിക്കുകയും അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കുകയും ചെയ്യും. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ ഓവുചാലുകളും ജലനിര്‍ഗമന മാര്‍ഗങ്ങളും പരിരക്ഷിക്കും. വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും സാധ്യതയുള്ള മേഖലകളിലെ താല്‍ക്കാലിക പാതകളിലെയും/ഇടറോഡുകളിലെയും പ്രധാന റോഡുകളിലെയും കുഴികള്‍ അടയ്ക്കാനും ചെളിവെള്ളം പുറത്തേക്ക് ഒഴുക്കുന്ന കലുങ്കുകള്‍, റീവാള്‍ വീപ്പ് ഹോളുകള്‍, ഡ്രെയിനേജ് എന്നിവ വൃത്തിയാക്കാനും ശ്രമങ്ങള്‍ നടക്കുന്നു. മഴക്കാലത്തു ഗതാഗതം സുരക്ഷിതവും സുഗമവുമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി വെള്ളക്കെട്ടിനു സാധ്യതയുള്ള വിവിധ ഇടങ്ങളില്‍ അടിയന്തര ഉപകരണങ്ങളും മണ്ണുമാന്തി യന്ത്രങ്ങള്‍, മണല്‍ച്ചാക്കുകള്‍, അടയാളപ്പലകകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനുപുറമെ, വെള്ളപ്പൊക്കം/മണ്ണിടിച്ചില്‍ എന്നിവയെക്കുറിച്ചു മുന്‍കൂട്ടി അറിയിക്കുന്നതിനും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കു യന്ത്രസാമഗ്രികളും തൊഴിലാളികളെയും വേഗത്തില്‍ എത്തിക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണസംവിധാനം എന്നിവയുമായി ചേര്‍ന്ന് അതോരിറ്റി പ്രവര്‍ത്തിക്കും. കൂടാതെ, ദേശീയപാതകളില്‍ വെള്ളപ്പൊക്കം/വെള്ളക്കെട്ട് എന്നിവ ഉണ്ടായാല്‍ അതിവേഗ സഹായം നല്‍കുന്നതിന്, ആവശ്യമായ ഉപകരണങ്ങളും യന്ത്രസാമഗ്രികളും അടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദ്രുത പ്രതികരണ സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും. അപകടസാധ്യതാപ്രദേശങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനായി വിവിധ എന്‍എച്ച്എ ഐ ഫീല്‍ഡ് ഓഫീസുകളില്‍ ദ്രുതപ്രതികരണ സംഘങ്ങള്‍ക്കു രൂപംനല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും മുന്നറിയിപ്പും ഉപയോഗിച്ച്, നിര്‍മിതബുദ്ധി അധിഷ്ഠിത അത്യാധുനിക ഗതാഗത പരിപാലന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ദേശീയ പാതയിലെ യാത്രക്കാര്‍ക്കു തത്സമയ കാലാവസ്ഥയും ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും അതോരിറ്റി നല്‍കും. ഇതിനായി രാജ്മാര്‍ഗ് യാത്ര ആപ്ലിക്കേഷന്‍, ഐഎംഡി മേഘ്ദൂത് ആപ്ലിക്കേഷന്‍, എന്നിവയിലൂടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പു നല്‍കും. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും റോഡിലെ ചരിവുകള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും നടപ്പാതയിലെ വിള്ളലുകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ഡ്രോണുകളുടെ സഹായവും തേടുമെന്നും എന്‍ എച്ച്എ ഐ അധികൃതര്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു