5000ത്തിലധികം വ്യാപാരികള്‍ പങ്കെടുക്കും; സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കുന്ന നിരവധി പാനല്‍ ചര്‍ച്ചകളും സെമിനാറുകളും, അവാര്‍ഡ് നൈറ്റും മ്യൂസിക്കല്‍ ഷോയും സംഘടിപ്പിച്ചിരിക്കുന്നു.
കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച് ജൂണ്‍ 27, 28, 29 തീയതികളില്‍ ‘കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025’ എന്ന പേരില്‍ ആഭരണ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, ജം ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പ്രമോദ് ദേരാവാല, ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് റോക്ക്‌ടെ, ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300ഓളം സ്വര്‍ണ്ണ വ്യാപാരികളും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2:30ന് ജിഎസ്ടി, ബിഐഎസ്, ലീഗല്‍ മെട്രോളജി, പോലീസ് റിക്കവറി തുടങ്ങിയ സ്വര്‍ണ്ണ വ്യാപാരികള്‍ ദിനംപ്രതി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജംഷീദ് ആലം മോഡറേറ്ററായിരിക്കും. 4 മണി മുതല്‍ അവധി വ്യാപാരത്തെ സംബന്ധിച്ച് സെമിനാറും നടക്കും.
ജൂണ്‍ 28ന് രാവിലെ 10:30ന് കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രണ്ടാം ദിവസത്തെ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്വര്‍ണ്ണ മെറ്റല്‍ ലോണിനെ സംബന്ധിച്ച് ബാങ്കുകളുടെ പാനല്‍ ചര്‍ച്ച നടക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണകുമാര്‍ ഉണ്ണി മോഡറേറ്ററായിരിക്കും. ഉച്ചയ്ക്കുശേഷം 2:30ന് കേരളം സമ്പൂര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം കേരള ലീഗല്‍ മെട്രോളജി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.രാത്രി അവാര്‍ഡ് നൈറ്റും അനൂപ് ശങ്കറിന്റെ മ്യൂസിക്കല്‍ ഇവന്റും ഉണ്ടായിരിക്കും. കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര വ്യവസായ മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിക്കും.ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനം കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എംപി, റോജി ജോണ്‍ എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാരവ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 5000ത്തിലധികം പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നും ആഭരണ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

