ശ്രദ്ധേയമായി ഇന്‍ഫോപാര്‍ക്കിലെ ലഹരിവിരുദ്ധ ദിനാചരണം 

ഇന്‍ഫോപാര്‍ക്ക് പരിസരത്തുള്ള എട്ട് സ്‌കൂളുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ റാലി, പേള്‍സോഫ്റ്റ് ടെക്‌നോളജീസ് ഒരുക്കിയ സെല്‍ഫി പോയിന്റ് എന്നിവയ്‌ക്കൊപ്പം തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ പി.എസ് ഷിജുവിന്റെ പാട്ട് കൂടിയായപ്പോള്‍ ഐടി മേഖലയ്ക്ക് അത് വേറിട്ട അനുഭവമായി
കൊച്ചി: വൈവിദ്ധ്യമാര്‍ന്ന ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുമായി ഇന്‍ഫോപാര്‍ക്ക് ശ്രദ്ധേയമായി. ഇന്‍ഫോപാര്‍ക്ക് പരിസരത്തുള്ള എട്ട് സ്‌കൂളുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ റാലി, പേള്‍സോഫ്റ്റ് ടെക്‌നോളജീസ് ഒരുക്കിയ സെല്‍ഫി പോയിന്റ് എന്നിവയ്‌ക്കൊപ്പം തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ പി.എസ് ഷിജുവിന്റെ പാട്ട് കൂടിയായപ്പോള്‍ ഐടി മേഖലയ്ക്ക് അത് വേറിട്ട അനുഭവമായി.ഇന്‍ഫോപാര്‍ക്ക് ഭരണ കേന്ദ്രമായ പാര്‍ക്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ സിഇഒ സുശാന്ത് കുറുന്തിലിന്റെ സാന്നിദ്ധ്യത്തില്‍ ജീവനക്കാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍  പി എസ് ഷിജു ഉദ്ഘാടനം ചെയ്തു.

തെങ്ങോട് ഗവ. ഹൈസ്‌ക്കൂള്‍, സന്‍സ്‌ക്കാര സ്‌കൂള്‍, ജെംസ് മോഡേണ്‍ അക്കാദമി, രാജഗിരി പബ്ലിക് സ്‌കൂള്‍, സെ. ജൊഹാനസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, മാര്‍ തോമാ പബ്ലിക് സ്‌കൂള്‍, കൊച്ചി ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇന്‍ഫോപാര്‍ക്ക് കൊച്ചി ഒന്നാം ഘട്ടം ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന അതുല്യ കെട്ടിടം മുതല്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ വരെ ലഹരിവിരുദ്ധ റാലിയും നടത്തി.ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സിനിമയിലെ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനം ഉദ്ഘാടന വേദിയില്‍ അസി. കമ്മീഷണര്‍ പാടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എത്ര അടുപ്പമുള്ള കൂട്ടുകാരായാലും നോ പറയാനുള്ള ആര്‍ജ്ജവവും ധൈര്യവും കുട്ടികള്‍ നേടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഫോപാര്‍ക്ക് അസി. മാനേജര്‍ സജിത് എന്‍ ജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോലീസ് എസ്എച്ഒ സജീവ് കുമാര്‍ ജെ എസ്, പ്രോഗ്രസ്സീവ് ടെക്കീസ് പ്രസിഡന്റ്് അനീഷ് പന്തലാനി എന്നിവര്‍ പങ്കെടുത്തു.ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പേള്‍സോഫ്റ്റ് ടെക്‌നോളജീസ് സജ്ജീകരിച്ച ലഹരിവിരുദ്ധ സന്ദേശം എഴുതിയ പ്രത്യേക സെല്‍ഫിപോയിന്റ് ഏറെപ്പേരെ ആകര്‍ഷിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു