രാജ്യാന്തര ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’ ന് തുടക്കം

കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര 'കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025' എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.ഡോ. വി.ടി ഹരിദാസ്, ഡോ. ആര്‍. സുരേഷ്‌കുമാര്‍, ഡോ. റെജി പോള്‍, പ്രൊഫ വേണു രാജമാണി, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. സി രഘുനാഥ് , ഡോ. സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ സമീപം.

ന്യൂറോളജി ചികില്‍സാ രംഗത്തെ വളര്‍ച്ച സാധാരണക്കാര്‍ക്കും ലഭ്യമാക്കണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

 

കൊച്ചി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’ ന് എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ന്യൂറോളജി ചികിത്സാ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച ലോകം കൈവരിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അവ പ്രാപ്യമാക്കാന്‍ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ടെന്ന് ഡാ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ചികിത്സാ രംഗത്തെ രോഗനിര്‍ണ്ണയ ഉപകാരണങ്ങളുടെ വില കുറക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. രാജ്യത്തെ ന്യൂറോളജി പി. ജി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ പ്രൊഫസറും മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ പ്രൊഫ വേണു രാജമാണി (റിട്ട.) ഐ.എഫ്.എസ് പറഞ്ഞു. രോഗികളോടുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സമീപനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ന്യൂറോളജി അധ്യാപകരായ ഡോ. എ.സ് ഗിരിജ, ഡോ. എ. ആനന്ദ് കുമാര്‍ എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. റെജി പോള്‍, കാന്‍ പ്രസിഡന്റ് ഇലക്ട് ഡോ. സി രഘുനാഥ് , സംഘാടക സമിതി സെക്രട്ടറി ഡോ. വി.ടി ഹരിദാസ്, കാന്‍ സെക്രട്ടറി ഡോ.ആര്‍ സുരേഷ് കുമാര്‍ , ഡോ. വി.ജി പ്രദീപ് കുമാര്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍), കൊച്ചിന്‍ ഐ.എം.എ സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ഡോ. സിബി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

ഇന്നലെ നടന്ന സെമിനാറില്‍ മസ്തിഷ്‌കത്തിലെ അണുബാധ എന്ന വിഷയത്തില്‍ ഡോ. കിരണ്‍ താക്കൂര്‍, ഡോ. അവീന്ദ്രനാഥ് (ഇരുവരും അമേരിക്ക ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയും നാഡീരോഗ ചികിത്സയും എന്ന വിഷയത്തില്‍ പ്രൊഫ. ബെല്‍ ഈപ്പന്‍ (അമേരിക്ക )ഡോ. ബോബി എം വര്‍ക്കി (കൊച്ചി )എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം ഡോ. ഫിജു ചാക്കോ, ഡോ. എന്‍.സി കൃഷ്ണദാസ് എന്നിവര്‍ നിയന്ത്രിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ( ജൂലൈ 12) രാവിലെ 8.30 മുതല്‍ സെമിനാറുകള്‍ ആരംഭിക്കും.അപസ്മാര രോഗം, മസ്തിഷ്‌കത്തിലെ പുത്തന്‍ അണുബാധകള്‍, മള്‍ട്ടിപ്പിള്‍ സ്‌കല്‍റോസിസ്, അംഗ ചലന വൈകല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. മൈക്കിള്‍ ഫോങ് (ഓസ്‌ട്രേലിയ )ഡോ. സുഷമ ഗോയല്‍ (ലണ്ടന്‍ ),ഡോ. കിരണ്‍ താക്കൂര്‍, ഡോ. അവീന്ദ്രനാഥ്, ഡോ. അമിത് ബാര്‍ ഓര്‍ (അമേരിക്ക ),ഡോ. ടെറന്‍സ് തോമസ് (സിംഗപ്പൂര്‍)ഡോ. ഷക്കീബ് മൊഹമ്മദ് (ഓസ്‌ട്രേലിയ )ഡോ. റോബിന്‍ ലെമന്‍സ് (ബെല്‍ജിയം )എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. സഞ്ജീവ് തോമസ്, ഡോ. ബി. രാജേന്ദ്രന്‍ എന്നിവരോടുളള ആദര സൂചകമായി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ( ജൂലൈ 12 ) വൈകിട്ട് ഏഴിന് ‘ ഇന്‍ഫ് ളുവെന്‍സ് ഓഫ് ന്യൂറോജെനറ്റിക്‌സ് ഓണ്‍ എമര്‍ജിംഗ് ആന്റിസീഷര്‍ മെഡിക്കേഷന്‍സ് ‘ എന്ന വിഷയത്തില്‍ പ്രൊഫ. രാമന്‍ ശങ്കര്‍ പ്രസംഗിക്കും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു