സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചി: കൊച്ചിയില്‍ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍ (ഇഐസി) ആരംഭിച്ച് ഐബിഎം. മന്ത്രി പി. രാജീവ്, ഐബിഎം സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി, എബിഎം ഇന്ത്യ സോഫ്റ്റ് വെയര്‍ ലാബ്സ് വൈസ് പ്രസിഡന്റ് വിശാല്‍ ചഹല്‍ എന്നിവര്‍ ചേര്‍ന്ന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ പുരോഗമനപരമായ സാമൂഹ്യസാഹചര്യം സ്വതന്ത്രചിന്തയെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കുന്നതായതിനാല്‍ ഇന്നോവേഷന് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിവിന്റേയും നവീനതയുടേയും ശരിയായ സംയോജനത്തിലൂടെ ഒരു ഡീപ് ടെക് ഹോട്ട്സ്പോട്ട് എന്ന നിലയില്‍ കൊച്ചി അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പങ്കാളികളുമായുള്ള പ്രാദേശിക സഹകരണം, നൈപുണ്യ വികസനം, നൂതനത്വം എന്നിവയോടുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്ററെന്ന് ഐബിഎം സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, അക്കാദമിക മേഖലകള്‍ എന്നിവയിലുടനീളമുള്ള നവീകരണം, സംരംഭകത്വം, സഹകരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഐബിഎമ്മിന്റെ ഇക്കോസിസ്റ്റം ഇന്‍ക്യുബേഷന്‍ സെന്റര്‍. പ്രാരംഭദശയിലുള്ള സംരംഭങ്ങള്‍, നൈപുണ്യവികസനം, സഹ നവീകരണം എന്നിവയ്ക്കായി ഒരു ഹബ്ബായി പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍ കൊച്ചിയെ ഡീപ് ടെകിന്റെ വളര്‍ന്നുവരുന്ന കേന്ദ്രമാക്കി മാറ്റും. വിവിധങ്ങളായ പദ്ധതികളിലൂടെ കേരളത്തിന്റെ ഇന്നോവേഷന്‍ ഇക്കോസിസ്റ്റത്തില്‍ ഇഐസി ഘടനാപരമായ പിന്തുണ നല്‍കുകയും അടുത്തതലമുറയിലെ നവീന സംരംഭകര്‍ക്കായി ഒരു ലോഞ്ച്പാഡായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഐബിഎം സബ്ജക്ട് മാറ്റര്‍ എക്‌സ്‌പേര്‍ട്ട്‌സു(എസ്എംഇ) മായി ഓരോ പാദത്തിലുമുള്ള കൂടിക്കാഴ്ചകള്‍, പ്രൂഫ് ഓഫ് കണ്‍സപ്റ്റ്‌സ് (പിഒസി) വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശവും മെന്റര്‍ഷിപ്പും, ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പുകള്‍, ഹാക്കത്തോണുകള്‍, തുടര്‍ പഠനങ്ങള്‍ക്കും നൈപുണ്യ വികസനത്തിനുമായി അക്കാദമിക് പാഠ്യപദ്ധതിയുമായി സംയോജനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

