കൊച്ചി: സ്ഥലം വിറ്റും, വായ്പകള്‍ എടുത്തും വസ്ത്രവ്യാപാര മേഖലയില്‍ അതിജീവനത്തിനായി പോരാടുന്ന സാധാരണക്കാരായ ചെറുകിട വ്യാപാരികളെ വഞ്ചിക്കുന്ന വന്‍കിട മുതലാളിമാരുടെ നിലപാടുകള്‍ അംഗീകരിക്കില്ലെന്ന് കേരള ഗാര്‍മെന്റ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (കെ.ജി.ഡി.എ) പ്രസിഡന്റ് ഡി. ആനന്ദ് കുമാര്‍ പൈ, സെക്രട്ടറി ജിനോയ് വര്‍ഗീസ്, ട്രഷറര്‍ നിര്‍മല്‍ രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അംഗങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നേടാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും ന്യായമായ സമരമാര്‍ഗങ്ങളിലൂടെയും നിയമമാര്ഗ്ഗങ്ങളിലൂടെയും അസോസിയേഷന് പോരാട്ടം ആരംഭിക്കുകയാണ്.നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍, സമാന സംഘടനകളുമായി കൈകോര്‍ക്കുമെന്നും അംഗങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

