ഹംപ് ബാക്ക് ഡോള്‍ഫിനുകളുടെ പ്രണയരംഗം ചിത്രീകരിച്ച് ഗവേഷണ സംഘം 

2024-2025 കാലഘട്ടത്തില്‍  കൊച്ചി തീരകടലില്‍ നടത്തിയ ഡ്രോണ്‍ പര്യഗവേഷണത്തില്‍ നാല് ഡോള്‍ഫിനുകള്‍ അടങ്ങുന്ന ഡോള്‍ഫിന്‍ കൂട്ടത്തെ (പോഡ്) ഗവേഷണ സംഘം കണ്ടെത്തി.
കൊച്ചി: ഹംപ് ബാക്ക് ഡോള്‍ഫിനുകളുടെ (Sousa plumbea) ഇണചേരല്‍ ഇന്ത്യയില്‍ ആദ്യമായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ഐ.സി.എ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഗവേഷകര്‍ വിജയകരമായി രേഖപ്പെടുത്തി. 2024-2025 കാലഘട്ടത്തില്‍  കൊച്ചി തീരകടലില്‍ നടത്തിയ ഡ്രോണ്‍ പര്യഗവേഷണത്തില്‍ നാല് ഡോള്‍ഫിനുകള്‍ അടങ്ങുന്ന ഡോള്‍ഫിന്‍ കൂട്ടത്തെ (പോഡ്) ഗവേഷണ സംഘം കണ്ടെത്തി. ഇണചേരലും അതിനു മുന്നോടിയായുള്ള സ്വഭാവ സവിശേഷതകളും അടങ്ങുന്ന മൂന്നു മിനിറ്റ് നീളുന്ന വീഡിയോ സംഘം പഠനത്തിന് വിധേയമാക്കി. ഏകദേശം 24 മുതല്‍ 29 സെക്കന്റ് വരെ നീളുന്ന ഇണചേരലും അനുബന്ധ ചലനങ്ങളും പരിശോധിച്ചു വിശകലനം ചെയ്തു. സാധാരണയായി ഒന്നോ അതിലധികം ചാക്രിക രീതിയിലുള്ള പ്രത്യേക നീന്തല്‍ നടത്തിയാണ്  ഹംപ് ബാക്ക് ഡോള്‍ഫിനുകള്‍ ഇണചേരുന്നത്. അത്തരത്തിലുള്ള ഒരു പൂര്‍ണ്ണ ചക്രം  ദൃശ്യമായി. നമ്മുടെ രാജ്യത്ത് എല്ലാ സമുദ്ര സസ്തനികളെയും 1972 ലെ ഇന്ത്യയിലെ വന്യജീവി (സംരക്ഷണ) നിയമം പ്രകാരം ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പ്രാദേശികമായി പാണ്ടന്‍ പന്നി എന്ന് വിളിപ്പേരുള്ള ഹംപ് ബാക്ക് ഡോള്‍ഫിനുകള്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (കഡഇച) റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഭാരത സര്‍ക്കാരിന്റെ പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന പരിപാടിയുടെ കീഴില്‍ നടത്തിയ ഇന്ത്യയിലെ കടല്‍ സസ്തനികളുടെ കണക്കെടുപ്പ് വിവരങ്ങള്‍ ശേഖരിക്കാനുള്ള ഗവേഷണ പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ ലഭിച്ച ദൃശ്യങ്ങള്‍ ഹംപ് ബാക്ക് ഡോള്‍ഫിനുകളുടെ സാമൂഹിക പ്രജനന പെരുമാറ്റ സ്വഭാവത്തെപ്പറ്റി വരുംകാല പഠനത്തിന് നിര്‍ണായക പങ്കുവഹിക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു.ഡ്രോണ്‍ വഴിയുള്ള പഠനത്തിലൂടെ കടല്‍ സസ്തനികളുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കാതെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സീനിയര്‍ സയന്റിസ്‌റ് ഡോ. പ്രജിത്ത് കെ കെ യുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ സംഘത്തില്‍ ഡോ. പരസ് നാഥ് ജാ, ഡോ. റിതിന്‍ ജോസഫ്, ഡോ. ദിജു ദാസ്,  ഋഷികേശ്,  ഇമ്മാനുവല്‍,  അബു താഹിര്‍ ഷാ എന്നിവര്‍ ഉള്‍പ്പെടുന്നു.കൊച്ചിയുടെ തീരക്കടലില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍ ആയ റീജിനല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹംപ് ബാക്ക് ഡോള്‍ഫിനുകളുടെ ഇണചേരല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ ലഭിക്കുന്നത് ഏഷ്യയില്‍ തന്നെ ആദ്യമായാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു