നമ്പൂതിരിയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി ആദ്യ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.
കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ നമ്പൂതിരിയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി ആദ്യ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.
ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകള്‍ നല്കിയ കലാകാരന്മര്ക്കാണ് അവാര്‍ഡ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിട്ടോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ അവാര്‍ഡിനായി ആര്‍ട്ടിസ്റ്റുകളെ ശുപാര്‍ശ ചെയ്യാം. ശുപാര്‍ശ ചെയ്യപ്പെടുന്ന ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള ഒരു പേജില്‍ കവിയാത്ത വിവരണവും, അവര്‍ ചിത്രീകരണം നല്‍കിയതിന്റെ പ്രിന്റ് ചെയ്ത അഞ്ച് വ്യത്യസ്ഥ പകര്‍പ്പുകളും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം. ആഗസ്റ്റ് 31 വരെയുള്ള എന്‍ട്രികളില്‍ നിന്നായിരിക്കും അവാര്‍ഡിന് അര്‍ഹനായ ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെടുക്കുക. nstetnries2025@gmail.com എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. സെപ്റ്റംബര്‍ മാസം പത്താം തീയതി അവാര്‍ഡ് അര്‍ഹനായ ആര്‍ട്ടിസ്റ്റിനെ പ്രഖ്യാപിക്കുകയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജന്മദിന ആഘോഷം നടക്കുന്ന സെപ്റ്റംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുകയും ചെയ്യും.

