പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 4: ഹൈദരാബാദ് ഒരുങ്ങുന്നു

തെലങ്കാന കായികരംഗത്തെ അതീവ താല്‍പര്യത്തോടെ കാണുന്ന ഒരു സംസ്ഥാനമാണെന്ന് പ്രൈം വോളിബോള്‍ ലീഗിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പറഞ്ഞു.
ഹൈദരാബാദ്: മൂന്ന് സീസണുകളിലായി വോളിബോള്‍ ആരാധകരെ ആവേശത്തിലാക്കിയ പ്രൈം വോളിബോള്‍ ലീഗിന്റെ 2025 സീസണിന് ഒക്ടോബര്‍ രണ്ടിന് ഹൈദരാബാദില്‍ തുടക്കമാകും. തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് പിവിഎലിന്റെ നാലാം പതിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കായികമന്ത്രി വകിതി ശ്രീഹരി, കായിക വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന ചെയര്‍മാന്‍ ശിവ സേന റെഡ്ഡി, വൈസ് ചെയര്‍പേഴ്‌സണും എംഡിയുമായ എ.സോണിബാല ദേവി എന്നിവര്‍ ചേര്‍ന്ന് പിവിഎല്‍ സീസണ്‍ 4ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലീഗിന് ആതിഥേയത്വം വഹിക്കുന്നതിന് തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ചടങ്ങില്‍ പിവിഎല്‍ സംഘാടകരെ സംസ്ഥാന പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. തെലങ്കാന കായികരംഗത്തെ അതീവ താല്‍പര്യത്തോടെ കാണുന്ന ഒരു സംസ്ഥാനമാണെന്ന് പ്രൈം വോളിബോള്‍ ലീഗിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പറഞ്ഞു.

സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് പുറമേ ഇത്തവണ പിവിഎലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും തത്സമയം മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന് പ്രൈം വോളിബോള്‍ ലീഗിന്റെ സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. വിവിധ ഭാഷകളില്‍ യൂട്യൂബില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പിവിഎലിനെ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. രണ്ട് സെമിഫൈനലുകളും ഫൈനലും ഉള്‍പ്പെടെ 38 മത്സരങ്ങള്‍ക്കാണ് ഹൈദരാബാദിലെ പ്രശസ്തമായ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം വേദിയൊരുക്കുക. പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി 10 ടീമുകളാണ് ഇത്തവണ പിവിഎല്‍ കിരീടത്തിനായി മത്സരിക്കുക. ഗോവ ഗാര്‍ഡിയന്‍സ് ആണ് ഈ സീസണില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ ടീം. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ടീമുകള്‍. സീസണ്‍ ഷെഡ്യൂള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു