ആഗോള മെഡിക്കല്‍ ടൂറിസം മേഖലയുടെ ഡിജിറ്റലൈസേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് ഈ സഹകരണം. ഇതു വഴി വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിന് ഏറെ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) യുണീക് ഐഡി ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പായ ഷോപ്പ്‌ഡോക് ആഗോള ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ മാസ്റ്റര്‍കാര്‍ഡുമായി പങ്കാളിത്തം ഉറപ്പാക്കി. കെഎസ് യുഎമിന്റെ ജിടെക്‌സ് എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ പ്രതിനിധി സംഘത്തിലൂടെ ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച സ്ഥാപനമാണ് ഷോപ്പ്‌ഡോക്. ആഗോള മെഡിക്കല്‍ ടൂറിസം മേഖലയുടെ ഡിജിറ്റലൈസേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് ഈ സഹകരണം. ഇതു വഴി വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേരളത്തിന് ഏറെ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്. മെഡിക്കല്‍ ടൂറിസം, ആരോഗ്യം, വെല്‍നസ് മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പണമിടപാടുകള്‍ സാധ്യമാക്കാനാണ് മാസ്റ്റര്‍കാര്‍ഡിന്റെ പേയ്‌മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഷോപ്പ്‌ഡോക് ലക്ഷ്യമിടുന്നത്. മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രോഗികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവര്‍ക്ക് നല്‍കാന്‍ പോകുന്ന സേവനങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തു വിടും. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ലോകോത്തര കമ്പനികളുമായി സഹകരണം ഉറപ്പാക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോളതലത്തിലെ സഹകരണത്തിന് പാകത്തില്‍ നമ്മുടെ ആവാസവ്യവസ്ഥ വളര്‍ന്നു കഴിഞ്ഞു. ഇത്തരം വാണിജ്യബന്ധങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ പരിചരണം, സുരക്ഷിതവും സ്മാര്‍ട്ടുമായ സാമ്പത്തിക ഉപകരണങ്ങളിലൂടെ ഡിജിറ്റല്‍ഫസ്റ്റ് ഇക്കോസിസ്റ്റമാണ് നിര്‍മ്മിക്കുന്നതെന്ന് ഷോപ്പ്‌ഡോക് സ്ഥാപകനും സി.ഇ.ഒ.യുമായ ശിഹാബ് മക്കാനിയില്‍ പറഞ്ഞു. 2018 ല്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങിയ ഷോപ്‌ഡോക് 2019ല്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 3000 ഡോക്ടര്‍മാരും 700 ലധികം ആശുപത്രികളും, ആറ് ലക്ഷത്തിലധികം രോഗികളും ഷോപ്പഡോകിന്റെ ശൃംഖലയിലുണ്ട്.

