ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ രാജ്യ പുരോഗതിയിലെ പങ്കാളികള്‍: ഗവര്‍ണര്‍ ഡോ.സി വി ആനന്ദബോസ് 

കൊച്ചി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ രാജ്യപുരോഗതിയിലെ പങ്കാളികളാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി. വി ആനന്ദബോസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യം വലിയ പരിവര്‍ത്തനത്തിന് വിധേയമായി. കരുത്തുറ്റ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിച്ച സി എ വിദ്യാര്‍ഥികളുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍. വിദ്യാഭ്യാസം കൊണ്ടാണ് ജനങ്ങള്‍ ശാക്തീകരിക്കപ്പെടെണ്ടത്. ഏറ്റവും മികച്ചതാകാനുള്ള പരിശ്രമമാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ ജനങ്ങളുടെ ജഡ്ജിയെന്നാണ് ബംഗാള്‍ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.

ദേവന്‍ രാമചന്ദ്രന്റെ ജനപ്രിയത അദ്ദേഹത്തിന്റെ മികവില്‍ നിന്ന് നേടിയെടുത്തതാണ്. അത്തരം മികവിനായി ഓരോരുത്തരും പരിശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇന്ത്യന്‍ ഭരണഘടനയാണ് ലോകത്തെ ഏറ്റവും മികച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നമ്മുടെ ശക്തി ആയുധങ്ങളല്ല , മറിച്ച് മികവാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം പരിശ്രമത്തിന്റെയും നേട്ടത്തിന്റെയും ഉയര്‍ന്ന തലങ്ങളിലേക്ക് ഉയരുന്നതിന്, വ്യക്തിഗതവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും മികവിനായി പരിശ്രമിക്കുക എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 (എ) ജെ അനുസരിച്ച് ഒരു പൗരന്റെ അടിസ്ഥാന കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിതത്തിലുടനീളം സത്യസന്ധത കൈവിടരുതെന്നും യുവാക്കള്‍ നാടിനെ നയിക്കുന്നവരായി മാറണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഐ.സി.എ.ഐ പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം കള്ളിവയലില്‍, രോഹിത് റുവാഡിയ, സഞ്ജിബ് സാംഗി , എ. എസ് ആനന്ദ്, ദീപ വര്‍ഗീസ്, ജോളി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു