‘ സ്‌ട്രെസ്സ് ‘ ഉറക്കവും വിശപ്പും കളയുന്ന വില്ലന്‍ ;  ലക്ഷണങ്ങളെ അവഗണിക്കരുത്

സ്‌ട്രെസ് വര്‍ത്തമാന കാലത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. യാതൊരു സമ്മര്‍ദ്ദമോ ആശങ്കകളോ ഇല്ലാത്ത സമാധാനപരമായ ജീവിതം, പലര്‍ക്കും ഇന്ന് സ്വപ്നം മാത്രമാണ്.
സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ്. 2021ല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സമയം വേണമെന്നറിയിച്ച സ്‌റ്റോക്‌സ് പിന്നീട് അതേ വര്‍ഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയും 2022 ല്‍ ഇത്തരത്തില്‍ ഒരു മാസം അവധിയെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രശസ്തരായവര്‍ മാനസിക സമ്മര്‍ദം നേരിടുന്നതായുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിനു താഴെ, ”ഇട്ടുമൂടാനുള്ള സ്വത്തും, സൗകര്യങ്ങളും ഉള്ളവര്‍ക്കും സ്‌ട്രെസ്സോ, അപ്പോ നമ്മള്‍ ഒക്കെ എന്തു പറയണം” എന്ന രീതിയിലുള്ള കമന്റുകള്‍ ധാരാളം വായിച്ചിട്ടുണ്ടാകും. സ്‌ട്രെസ് ഏത് സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ളയാള്‍ക്കും വരാമെന്ന അവബോധം ഇല്ലാത്തതാണ് അത്തരം കമന്റുകള്‍ക്ക് പിന്നിലെ കാരണം. അതുകൊണ്ട് തന്നെയാണ് നവംബര്‍ മാസത്തില്‍ അന്താരാഷ്ട്ര സ്‌ട്രെസ് ബോധവത്കരണ വാരം ആചരിക്കുന്നതിന് പ്രസക്തിയേറുന്നതും.
എന്താണ് മാനസിക സമ്മര്‍ദ്ദം?
സ്‌ട്രെസ് വര്‍ത്തമാന കാലത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. യാതൊരു സമ്മര്‍ദ്ദമോ ആശങ്കകളോ ഇല്ലാത്ത സമാധാനപരമായ ജീവിതം, പലര്‍ക്കും ഇന്ന് സ്വപ്നം മാത്രമാണ്. നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളോട് ശരീരം പ്രതികരിക്കുന്ന രീതിയാണ് സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമെന്ന് ലളിതമായി പറയാം. ഓഫീസിലെ ഡെഡ്‌ലൈനുകള്‍, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, അങ്ങനെ നമ്മള്‍ നേരിടുന്ന പ്രതിസന്ധി വ്യത്യസ്തമായിരിക്കാം എന്നു മാത്രം.
ഒന്നിന് പുറകെ ഒന്നായി വരുന്ന ഈ വെല്ലുവിളികള്‍ക്കിടയില്‍, നമ്മളറിയാതെ നമ്മുടെ മനസ്സിന്റെ താളം തെറ്റുന്നു. നെഞ്ചിലൊരു ഭാരമായി, ഉറക്കമില്ലാത്ത രാത്രികളായി, ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യം വരുന്ന അവസ്ഥയായി, ‘മാനസിക സമ്മര്‍ദ്ദം’ അഥവാ ‘സ്‌ട്രെസ്’ നമ്മളില്‍ കയറിക്കൂടുന്നു.
മാനസിക സമ്മര്‍ദ്ദത്തിന്റെ ചില പ്രധാന കാരണങ്ങള്‍
ജോലിഭാരം അല്ലെങ്കില്‍ തൊഴിലില്ലായ്മ, ഉയര്‍ന്ന മത്സരമുള്ള തൊഴില്‍ മേഖലയിലെ അതിജീവനത്തിനായുള്ള നെട്ടോട്ടവും, ഓരോ മാസവും നിശ്ചയിക്കപ്പെട്ട ടാര്‍ഗറ്റും, മേലധികാരികളില്‍ നിന്നുള്ള കുത്തുവാക്കുകളും സ്‌ട്രെസിലേക്ക് നയിക്കാം. അതുപോലെ തന്നെയാണ് ഒരു ജോലിയില്ലാത്തതിനാലുള്ള  അരക്ഷിതാവസ്ഥയും.
സാമ്പത്തിക ബാധ്യതകള്‍, ലോണുകള്‍, കടങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ എന്നിവ സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നു.ബന്ധങ്ങളിലെ താളപ്പിഴകള്‍, ദാമ്പത്യപ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച, പ്രിയപ്പെട്ടവരുടെ വേര്‍പാട്, ബന്ധങ്ങളില്‍ ശരിയായ ആശയവിനിമയം ഇല്ലാത്തതെല്ലാം മാനസിക പിരിമുറുക്കം സൃഷ്ടിച്ചേക്കാം.സ്വന്തമോ വേണ്ടപ്പെട്ടവര്‍ക്കോ വന്ന അപ്രതീക്ഷിത രോഗങ്ങള്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം.
സമൂഹത്തില്‍ ‘മിടുക്കരായി’ അല്ലെങ്കില്‍ ‘വിജയിച്ചവരായി’ നിലനില്‍ക്കാനുള്ള ബാധ്യതയും, മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദം.സാമൂഹിക മാധ്യമങ്ങളിലെ അതിപ്രസരം, നിരന്തരമായ നോട്ടിഫിക്കേഷനുകള്‍, വിവരങ്ങളുടെ ഒഴുക്ക് എന്നിവ മനസ്സിന് വിശ്രമം നല്‍കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജെന്‍ സി എന്ന് വിശേഷിപ്പിക്കുന്ന യുവ തലമുറയിലാണ് സാങ്കേതികവിദ്യയുടെ സ്വാധീനത്തില്‍ മാനസിക പിരിമുറുക്കം കൂടുതലായും കണ്ടുവരുന്നത്.
മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍
ശാരീരികവും മാനസികവുമായ നിരവധി ലക്ഷണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം പ്രകടമാവാം
പതിവായ തലവേദന, കഴുത്തിലും തോളുകളിലും വേദന, നെഞ്ചെരിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായ ഉറക്കം, അമിതമായ ഉത്കണ്ഠ, വിഷാദം, ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതിരിക്കുക, മറവി, നിരാശ, ആശയക്കുഴപ്പം. മുന്‍കോപം, പെട്ടെന്ന് കരയുക, അമിതമായി ഭക്ഷണം കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കടക്കുക, സ്വയം ഉള്‍വലിയുക, മറ്റുള്ളവരില്‍ നിന്ന് അകന്നുമാറി ഇരിക്കുക എന്നിവയെല്ലാം സ്‌ട്രെസിന്റെ ലക്ഷണങ്ങളാകാം.
സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാം .
സമ്മര്‍ദ്ദം എന്നതൊരു രോഗമല്ല. മറിച്ച് ജീവിത സാഹര്യങ്ങളാല്‍ രൂപപ്പെട്ട മാനസികാവസ്ഥയാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നമ്മുടെ വിജയം. ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തുക. ദിവസവും അരമണിക്കൂറെങ്കിലും നടക്കുകയോ, ഇഷ്ടമുള്ള വ്യായാമങ്ങളിലോ, കായിക വിനോദങ്ങളിലോ ഏര്‍പ്പെടുന്നത് സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കാന്‍ സഹായിക്കും.പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക. ലഹരിയെ പടിക്ക് പുറത്താക്കുക. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. ആ സമയം വായനക്കോ, പ്രിയപ്പെട്ടവരോട് സംസാരിക്കാനോ വിനിയോഗിക്കുക.
മനസ്സിനെ ശാന്തമാക്കുക
ദിവസവും അല്‍പ്പസമയം ശാന്തമായി കണ്ണടച്ചിരുന്ന് ശ്വാസോച്ഛ്വാസം നടത്തുകയോ, ധ്യാനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം. കൂടാതെ ചെയ്യുന്ന പ്രവര്‍ത്തികളില്‍, കൂടുതല്‍ ശ്രദ്ധ കൊടുക്കുക. അതുവഴി മനസ്സ് പലതിലേക്കും വ്യതിചലിക്കുന്നത് നിയന്ത്രിക്കാനാകും. ടെന്‍ഷന്‍ തോന്നുമ്പോള്‍, ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തുവിടുക. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കും. ഹോബികള്‍ക്കായി സമയം കണ്ടെത്തുക: ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക പൂന്തോട്ടപരിപാലനം, യാത്രകള്‍, വരയ്ക്കുക തുടങ്ങി, നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കായി ദിവസവും അല്പം സമയം മാറ്റിവയ്ക്കുക. ഇത് നിങ്ങളുടെ മനസ്സിന് ഉന്മേഷം നല്‍കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തുറന്ന് സംസാരിക്കുക. ഒറ്റയ്ക്കാണെന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പറ്റുമെങ്കില്‍ വണ്ടിയുമെടുത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു നൈറ്റ് െ്രെഡവാകാം.
‘നോ’ പറയാന്‍ പഠിക്കുക 
ശബ്ദ താരാവലിയില്‍ ഏറ്റവും ചെറിയ വാക്കുകളില്‍ ഒന്നാണെങ്കിലും, പലര്‍ക്കും പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള വാക്കാണ് ‘നോ’. ഞാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ അവരെന്ത് വിചാരിക്കും, മോശമല്ലേ എന്നെല്ലാം കരുതി, പലതും ഏറ്റെടുക്കുന്നത് നമ്മുടെ മനസ്സിനെ ബുദ്ധിമുട്ടിലാക്കുകയേ ഉള്ളൂ. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതോ, കൂടുതല്‍ സമ്മര്‍ദ്ദമുണ്ടക്കാന്‍ ഇടയുള്ളതോ ആയ കാര്യങ്ങളോട് ‘നോ’പറയാന്‍ മടിക്കരുത്. നിങ്ങള്‍ ആദ്യം നിങ്ങളെ തന്നെ വേണം സ്‌നേഹിക്കാനും, പരിപാലിക്കാനും പഠിക്കാന്‍.
പ്രൊഫഷണല്‍ സഹായം തേടുക
സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും, നിങ്ങള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എന്നും തോന്നിയാല്‍ ഒരു കൗണ്‍സിലറെയോ സൈക്കോളജിസ്റ്റിനെയോ കാണാന്‍ മടിക്കരുത്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് ഒരു കുറവായി കാണേണ്ടതില്ല.
മനസ്സിനെ സ്‌നേഹിക്കൂ
മാനസിക സമ്മര്‍ദ്ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത് ജീവിതത്തെ നിയന്ത്രിക്കാന്‍ അനുവദിക്കരുത്. നമ്മുടെ മനസ്സിനെ കേള്‍ക്കാനും, പരിചരിക്കാനും പഠിക്കണം. നല്ല ഉറക്കം, അര്‍ത്ഥപൂര്‍ണമായ സംഭാഷണങ്ങള്‍, സമയം ചിലവഴിക്കല്‍, ഇതെല്ലാം തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ നിങ്ങളോട് തന്നെ കരുണ കാണിക്കുക, ആഴത്തില്‍ ശ്വാസമെടുക്കുക. എന്നിട്ട്, ജീവിതത്തിന്റെ വെല്ലുവിളികളെ ശാന്തമായ മനസ്സോടെ അഭിമുഖീകരിക്കുക. കാരണം, ജീവിതം നമുക്ക് ആസ്വദിക്കാനുള്ളതാണ്, സമ്മര്‍ദ്ദത്തിലാകാനുള്ളതല്ല.
തയ്യാറാക്കിയത് : 
ദിവ്യ കൃഷ്ണ , റീഹാബിലിറ്റേഷന്‍  സൈക്കോളജിസ്റ്റ്  ആന്‍ഡ് എബിഎ തെറാപ്പിസ്റ്റ്്, പ്രയത്‌ന ,കൊച്ചി 
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു