നവംബര്‍ 20 ന് രാവിലെ എട്ടിന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ എളമക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബി ഹരികൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും
കൊച്ചി: പ്രമേഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇടപ്പള്ളി ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റലില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ് നടത്തുമെന്ന് ഐ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി , റെറ്റിന സര്ജന് ഡോ. സാഗര്‍ ബാസു , റീജണല്‍ മാനേജര്‍ തമിഴ് സെല്വന്, ഹോസ്പിറ്റല്‍ മാനേജര്‍ എ.ടി ദയാനിധി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 20 ന് രാവിലെ എട്ടിന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ എളമക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ബി ഹരികൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ആശുപത്രി അങ്കണത്തില്‍ നിന്നും ഇടപ്പള്ളിവരെ കോളജ് വിദ്യാര്‍ത്ഥികളുടെ വാക്കത്തോണും ഉണ്ടാകും. സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ശസ്ത്രക്രിയയും മറ്റ് പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടികളും ആവശ്യമായി വരുന്നവര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം മുന്‍ നിരയിലാണ്. മനുഷ്യന്റെ കാഴ്ചയെയാണ് പ്രമേഹം ആദ്യം ബാധിക്കുന്നത് ഈ സാഹചര്യത്തില്‍ പ്രായഭേദമെന്യേ എല്ലാവരും ക്യാമ്പില്‍ പങ്കെടുത്ത് ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തണമെന്നും ഐ ഫൗണ്ടേഷന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

