ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് സംഭവിക്കുന്ന മരണങ്ങള് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റില്‍ ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിനിലൂടെ സ്ഥാപിതമായ ബീഫസ്റ്റ്, ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യക്തികളെ സജ്ജരാക്കുന്ന സംരംഭമാണ്.
കൊച്ചി: പ്രാഥമിക ജീവന് രക്ഷ പരിശീലനം ഉറപ്പാക്കുന്ന ആസ്റ്റര്‍ മെഡ്സിറ്റിയുടെ കമ്മ്യൂണിറ്റി സംരംഭം ‘ബിഫസ്റ്റ്’ന്റെ മൂന്നാം വാര്‍ഷികം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ (ഓട്ടോണമസ്) ആഘോഷിച്ചു. 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ജീവന് രക്ഷ(ബിഎല്‍എസ്) പരിശീലനം ഇതിന്റെ ഭാഗമായി ഉറപ്പാക്കും. ആദ്യ ഘട്ടത്തില്‍ 300 വിദ്യാര്‍ത്ഥികളുടെ പരിശീലന ബാച്ചിന് വാര്‍ഷിക വേളയില്‍ ആരംഭം കുറിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് സംഭവിക്കുന്ന മരണങ്ങള് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റില്‍ ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിനിലൂടെ സ്ഥാപിതമായ ബീഫസ്റ്റ്, ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യക്തികളെ സജ്ജരാക്കുന്ന സംരംഭമാണ്. ഇതിനകം 700ലധികം സെഷനുകള്‍ നടത്തി സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥികള്‍, മോട്ടോര്‍ വാഹന വകുപ്പ്, കമ്മ്യൂണിറ്റി സംഘടനകള്‍, റോട്ടറി, ലയണ്‍സ് ക്ലബ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, എന്‍സിസി കേഡറ്റുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 60,000ത്തിലധികം ആളുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ഫസ്റ്റ് എയ്ഡ്, ബിഎല്‍എസ്, എസിഎല്‍എസ്, പിഎഎല്‍എസ് എന്നിവ ഉള്‍ക്കൊള്ളുന്ന വര്‍ക്ക്ഷോപ്പുകളും ഫസ്റ്റ് എയ്ഡ്, ട്രോമ അവബോധ റോഡ്ഷോയായ ‘ജീവിതം’ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് വൈസ് ചെയര്‍മാനും രജിസ്ട്രാറുമായ റവ. ഫാ. ഷൈന്‍ പോളി കളത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, എറണാകുളം ആര്.ടി.ഒ (എന്‍ഫോഴ്സ്മെന്റ്)യിലെ ബിജു ഐസക് ഉദ്ഘാടന ചെയ്തു. ഡോ. ഷുഹൈബ് കാദര്‍ (സിഒഒ, ആസ്റ്റര്‍ മെഡ്സിറ്റി), ഡോ. ജോസഫ് ജസ്റ്റിന് റെബെല്ലോ (പ്രിന്‍സിപ്പല്‍, സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്), ഡോ. ജോണ്സണ് കെ. വര്‍ഗീസ് (ലീഡ് കണ്‍സള്‍ട്ടന്റ്, എമര്‍ജന്‍സി മെഡിസിന്, ആസ്റ്റര്‍ മെഡ്സിറ്റി), മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. വിനോദ് കുമാര്‍ , ഡോ. എം. സി സാബു(സി.ഒ.ഇ, സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്), ഡോ. നീരജ ജെയിംസ് (സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവി), ടി. ജെ ആന്റി (കോര്‍ഡിനേറ്ററും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവിയും) എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

