വിധവകളും സിംഗിള്‍ മദേഴ്‌സുമായ 100 വനിതകളെ സ്വയംതൊഴിലിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി: വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കിയ ‘നാരിശക്തി’ പദ്ധതിയുടെ ആദ്യഘട്ടമായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 44 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകളും ബ്യൂട്ടീഷ്യന്‍ കിറ്റുകളും ഉള്‍പ്പെടെയുള്ള അവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വിധവകളും സിംഗിള്‍ മദേഴ്‌സുമായ 100 വനിതകളെ സ്വയംതൊഴിലിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി , സഹൃദയ വെല്‍ഫെയര്‍ സര്‍വീസസുമായി ചേര്‍ന്ന് നടത്തിയ ഈ 150 മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടിയിലൂടെ തയ്യല്‍, ബ്യൂട്ടീഷ്യന്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
‘നാരിശക്തി’ പദ്ധതിയുടെ രണ്ടാം ഘട്ടം മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ പൊന്നുരുന്നി സഹൃദയയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തേണ്ടതും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കേണ്ടതും സമൂഹത്തിന്റെ കടമയാണെന്നും നാരിശക്തി പരിപാടിയില്‍ പങ്കെടുത്തവര്‍ സ്വന്തം കഴിവുകള്‍ തെളിയിച്ച് കൂടുതല്‍ ആളുകള്‍ക്ക് താങ്ങായി മാറുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു.
ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. പദ്ധതിയുടെ ഭാഗമായ സ്ത്രീകളുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അവരുടെ ആത്മവിശ്വാസവും സാമ്പത്തിക സ്വയംപര്യാപ്തതയും വര്‍ധിച്ചതാണ് രണ്ടാം ഘട്ടം ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്നും രണ്ടാം ഘട്ടത്തില്‍ 20 വിധവകള്‍ക്കും സിംഗിള്‍ മദേഴ്‌സിനുമായി സൗജന്യ ബേക്കിംഗ് പരിശീലനമാണ് ആരംഭിക്കുന്നത്. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഓഫീസര്‍ സി.എസ്.ആര്‍ കെ. സനീഷ്, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന്‍ തോമസ്, ഡബ്ല്യു.എസ്.ഇ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആന്റണി ചേരന്തുരുത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

