കൊച്ചി: ആധുനിക കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ നാടിന്റെ പൈതൃകം നഷ്ടപ്പെടാതെവേണം കെട്ടിടങ്ങള്‍ക്ക് രൂപം നല്കാന് ആര്‍ക്കിടെക്റ്റുകള്‍ ശ്രമിക്കേണ്ടതെന്ന് തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാധികാ വര്‍മ്മ പറഞ്ഞു. അജിത് അസോസിയേറ്റ്സിന്റെ 48ാമത് സ്ഥാപക ദിനാഘോഷം വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അജിത് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടറും ആസാദി കോളജ് ചെയര്‍മാനുമായ ആര്‍ക്കിടെക്റ്റ് പ്രൊഫ ബി.ആര് അജിത് അധ്യക്ഷത വഹിച്ചു. ആസാദി കോളേജ് വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനവും രാധികാ വര്‍മ്മ നിര്‍വ്വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാംഗം കെ.എം അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ബെല്‍ജിയം സ്വദേശിനിയും ആസാദി കോളേജിലെ വിസിറ്റിംഗ് പ്രൊഫസറുമായ ആര്‍ട്ടിസ്റ്റ് നദീന്‍ വാനൂസ്റ്റ്, അജിത് അസോസിയേറ്റ്സ് ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത്, ആസാദി കോളജ് പ്രിന്‍സിപ്പാള്‍ ബാല്‍ ശങ്കര്‍ ഗര്ഗഡെ, എം. ആര്‍ക്ക് ഹെഡ് വി. എന്‍ രാമചന്ദ്രന്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ടി. പ്രബോഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

