നഗരസഭകളോ, കോര്‍പ്പറേഷനുകളോ 4 ഏക്കറില്‍ കുറയാത്ത സ്ഥലം ലഭ്യമാക്കിയാല്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് മോഡലില്‍ കേരളത്തില്‍ എവിടെയും പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
കൊച്ചി : ജി3 റിന്യൂവബിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഭക്ഷ്യമാലിന്യ സംസ്‌കാരണ പ്ലാന്റ് ഫെബ്രുവരി എട്ടിന് പ്രവര്‍ത്തനം തുടങ്ങും. കൊച്ചി വെല്ലിംഗ്ടന്‍ ഐലന്റില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വ്വഹിക്കും. മിശ്രിത ഭക്ഷ്യ മാലിന്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടുള്ള കമ്പനിക്ക് ഇതിന്റെ പേറ്റന്റും സ്വന്തമാണെന്ന് സ്ഥാപകനും ഡയറക്ടറുമായ അജിവ് സദാശിവന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നഗരത്തില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷ്യമാലിന്യം വളരെ ചുരുങ്ങിയ സമയം കൊണ്ട് ബയോ ഇന്ധനം, ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, മൃഗാഹാരം തുടങ്ങിയവയാക്കി മാറ്റുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. നഗരസഭകളോ, കോര്‍പ്പറേഷനുകളോ 4 ഏക്കറില്‍ കുറയാത്ത സ്ഥലം ലഭ്യമാക്കിയാല്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് മോഡലില്‍ കേരളത്തില്‍ എവിടെയും പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ് ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യത്തേതാണെന്നും ഇതിന്റെ പ്രവര്‍ത്തനം കണ്ട് ബോധ്യപ്പെട്ടതിന്‌ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് വിവിധ നഗരസഭ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് അജീബ് സദാശിവന്‍ പറഞ്ഞു. കൊച്ചിയെ കൂടാതെ ചെന്നൈയിലും ദുബായിലും കമ്പനിക്ക് ഓഫീസുകള്‍ ഉണ്ട്.

