കൊച്ചി ബിനാലെ ലോക കലയുടെ അസാധാരണമായ ആഘോഷം: വേണു രാജാമണി

ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്നതല്ല ഈ പ്രദര്‍ശനമെന്നും, അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തണം
കൊച്ചി: ആഗോള കലാലോകത്തിന്റെ അസാധാരണമായ ആഘോഷമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് നെതര്‍ലന്‍ഡ്‌സിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി അഭിപ്രായപ്പെട്ടു. ബിനാലെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗഭേദം, മതം, പൗരത്വം എന്നിവ ബിനാലെ പങ്കാളിത്തത്തില്‍ തടസ്സമാകുന്നില്ല. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ക്ക് ബിനാലെ ഇടം നല്‍കുന്നു എന്നത്  എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയ്ക്ക് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്നതല്ല ഈ പ്രദര്‍ശനമെന്നും, അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ ഇവിടെ മുഴങ്ങുന്നുണ്ട്.  പ്രതിഷേധങ്ങളുടെയും വിയോജിപ്പുകളുടെയും വേദിയായും, ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ശബ്ദമായും ബിനാലെ മാറിക്കഴിഞ്ഞു.  സത്യം തുറന്നു പറയാനും നിലവിലുള്ള വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനും കലാകാരന്മാര്‍ക്ക് ഇവിടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാഴ്ചക്കാരനില്‍ വേഗത്തില്‍ സ്വാധീനം ചെലുത്തുന്ന തരത്തിലാണ് ഓരോ പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്. കൊച്ചിക്കാരന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര പ്രദര്‍ശനം തനിക്ക് ഇരട്ടിമധുരമാണന്നും  വേണു രാജാമണി അറിയിച്ചു.മുന്‍ നാവികസേനാ ഉപമേധാവി വൈസ് അഡ്മിറല്‍ ജി. അശോക് കുമാറും ബിനാലെ സന്ദര്‍ശിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ കൊളോണിയാനന്തര ചിന്തകള്‍ അവതരിപ്പിക്കുന്നത് സാമൂഹിക മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഇന്ന് മുഖ്യധാരയിലേക്ക് വരുന്നതും ലിംഗസമത്വം  സ്വാഭാവിക നിയമമായി മാറുന്നതും ബിനാലെയിലെ സൃഷ്ടികള്‍ വരച്ചുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു